മഹുവ മൊയ്ത്രയ്ക്ക് എതിരായ സത്യവാങ്മൂലത്തിൽ ഒപ്പിട്ടത് സ്വമേധയായെന്ന് വ്യവസായി ഹീരാനന്ദാനി

ദില്ലി: തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരായ വെളിപ്പെടുത്തൽ ആരുടെയും സമ്മർദ്ദം കാരണമല്ലെന്ന് വ്യവസായി ദർശൻ ഹീരാനന്ദാനി. എല്ലാ തെളിവുകളും സിബിഐക്കും എത്തിക്സ് കമ്മിറ്റിക്കും നൽകും. മഹുവയുടെ അക്കൗണ്ട് ഉപയോഗിച്ചത് തെറ്റാണെന്നും ഹീരനന്ദാനി പറഞ്ഞു. ഹീരാനന്ദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണിപ്പെടുത്തിയെന്ന് മഹുവ മൊയിത്ര ആരോപിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി രം​ഗത്തെത്തിയത്. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മഹുവയുടെ ആരോപണം ഹിരാനന്ദാനി നിഷേധിച്ചത്.

സത്യവാങ്മൂലത്തിൽ സ്വമേധയാ ഒപ്പിട്ടതാണ്. ഭയം കാരണമോ ആരെയെങ്കിലും പ്രീതിപ്പെടുത്താനോ വേണ്ടിയല്ല അത് ചെയ്തത്. താൻ ചെയ്തത് തെറ്റാണെന്നും ബോധ്യപ്പെട്ടതിനാലാണ് ഒപ്പിട്ടത്. വിഷയം തനിക്കും തന്റെ കമ്പനിക്കും നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ സത്യവാങ്മൂലം സിബിഐ, പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി എന്നിവർക്ക് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് മഹുവ മൊയ്ത്ര പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് പാരിതോഷികം വാങ്ങിയെന്ന ആരോപണം ഉയർന്നത്. ആരോപണം ആദ്യം ഹിരാനന്ദാനി നിഷേധിച്ചെങ്കിലും പിന്നീട് ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ആരോപണം സത്യമാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകി.

പാർലമെന്റിലെ മഹുവയുടെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിന്റെ പാസ്‌വേഡ് തനിക്കു നൽകിയെന്നും ചോദ്യങ്ങൾക്കു പകരമായി ആഡംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമായിരുന്നു ഹീരാനന്ദാനിയുടെ വെളിപ്പെടുത്തൽ. പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസിനെ കുറ്റപ്പെടുത്തി മഹുവ രംഗത്തെത്തി. രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യം ചോദിക്കാൻ ഹിരനന്ദാനിയിൽ‍നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ബിജെപി ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണം ഉന്നയിച്ചത്.

Top