‘ദര്‍ബാര്‍’ റിലീസ് തിയതി നീട്ടി: കാത്തിരിക്കണം, 2020 വരെ!

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ദര്‍ബാര്‍ സിനിമക്കയി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശയിലാഴ്ത്തി ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. 2019ല്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം 2020 ജനുവരി 15ലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

‘സര്‍ക്കാര്‍’ സിനിമക്ക് ശേഷം എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’.ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ എത്തുന്ന താരത്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റേയും മറ്റൊന്ന്‌ സാമൂഹ്യ പ്രവര്‍ത്തകന്റേതുമാണ്. പൊലീസ് ഓഫീസറായി എത്തുന്ന താരത്തിന്റെ കഥാപാത്രം ഡിസിപി മണിരാജ് ആണ്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. മലയാളി താരം നിവേതയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

Top