വംശീയ അധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എംപിയെ ബി.എസ്.പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഡല്‍ഹി: പാര്‍ലമെന്റില്‍ വംശീയ അധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എംപിയെ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

”പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ നിങ്ങളുടെ പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും, തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു” ബി.എസ്.പി പ്രസ്താവനയില്‍ വ്യക്തമാക്കി.

വംശീയാധിക്ഷേപം നേരിട്ടതിനു ശേഷം ഡാനിഷ് അലി നിരവധി തവണ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാള്‍ പ്രതിഷേധം നടത്തി. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കുകയും ചെയ്തു.

മാസങ്ങള്‍ക്ക് മുമ്പ് ഡാനിഷ് അലിയെ ലോക്‌സഭയില്‍ ബി.ജെ.പി. എം.പി. രമേഷ് ബിധുരി വര്‍?ഗീയ പരാമര്‍ഷങ്ങള്‍ നടത്തി അപമാനിച്ചിരുന്നു. സംഭവത്തില്‍ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല.

Top