ഡാനിഷ് അലി പ്രധാന മന്ത്രിയെ നീച് എന്ന് വിളിച്ചു; അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി

ഡല്‍ഹി: ഡാനിഷ് അലിക്കെതിരെ പരാതിയുമായി ബിജെപി രംഗത്ത്. ഡാനിഷ് അലി പ്രധാന മന്ത്രിയെ നീച് എന്ന് വിളിച്ചു എന്നാണ് ആക്ഷേപം. ഇതില്‍ പ്രകോപിതന്‍ ആയാണ് രമേശ് ബിദുരി ഡാനിഷ് അലിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് പരാതി നല്‍കി.

എന്നാല്‍ പരാതി അടിസ്ഥാനരഹിതമെന്ന് വിശദീകരിച്ച ഡാനിഷ് അലി ബിജെപിയെ പരിഹസിച്ചു. രണ്ട് ദിവസത്തിന് ശേഷം കുറെ കൂടി നല്ല ആരോപണം ഉന്നയിക്കാമായിരുന്നു. പ്രധാനമന്ത്രിയെ അത്തരത്തില്‍ ആക്ഷേപിക്കാന്‍ മാത്രം താന്‍ തരം താഴ്ന്നിട്ടില്ല. കള്ളം നൂറ് തവണ ആവര്‍ത്തിച്ച് സത്യം ആകുന്നത് ബിജെപി – ആര്‍എസ്എസ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി എംപിക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. അധിര്‍ രഞ്ജന്‍ ചൗധരിയേയും സഞ്ജയ് സിങിനെയുമെല്ലാം വളരെ വേഗം സസ്‌പെന്റ് ചെയ്തിട്ടും ബിജെപി എംപിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസാണ് സ്പീക്കര്‍ നല്‍കിയത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

അവകാശ ലംഘന പ്രമേയം രമേശ് ബിദുരിയക്കെതിരെ കൊണ്ടുവരുമെന്ന് എന്‍സിപി എംപ സുപ്രിയ സുലെ പറഞ്ഞു. വിഷയം ഗൗരവതരമാണെന്നും ബിജെപി എംപിയില്‍ നിന്നുണ്ടായത് ജനാധിപത്യത്തിന് അപമാനകരമായ പരാമര്‍ശങ്ങളെന്ന് കെസി വേണുഗോപാല്‍ എംപിയും പ്രതികരിച്ചു.

ഡാനിഷ് അലി എം പിയെ അപമാനിച്ച രമേഷ് ബിദുരിക്കെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 2015ല്‍ 5 വനിത എം പിമാര്‍ ബിധുരിക്കെതിരെ പരാതി നല്‍കിയിരുന്നു . സ്ത്രീ വിരുദ്ധ പരാമര്‍ശം സഭയില്‍ നടത്തിയെന്നായിരുന്നു എംപിമാരുടെ പരാതി. അന്നും ബിധുരി യില്‍ നിന്ന് വിശദീകരണം തേടി തൊഴിച്ചാല്‍ തുടര്‍നടപടികളുണ്ടായില്ലെന്ന് എംപിമാര്‍ വ്യക്തമാക്കി.

Top