രാജ്യത്ത് മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു; വരാനിരിക്കുന്നത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ നാം അപകട മേഖലയിലാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണം 60 ശതമാനത്തില്‍ താഴെയായി. 2020 ഡിസംബറിനേക്കാള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ഇത് രണ്ടാം തരംഗത്തിന് മുമ്പുള്ള ഏറ്റവും താഴ്ന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സിന്റെ കണക്കുപ്രകാരം വളരെ കുറച്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ മാസ്‌ക് ശരിയായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡിന്റെ പുതിയ തരംഗത്തിനെ ചില രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചവരിലും രോഗം ബാധിക്കുന്നു. പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനമോ രോഗത്തിന്റെ ഗുരുതരാവസ്ഥയോ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top