ഹിന്ദിയില്‍ ‘ഡാംഗെ’, തമിഴില്‍ ‘പോര്‍’ അര്‍ജുന്‍ ദാസ് കാളിദാസ് ജയറാം നായകന്‍മാരാകുന്ന ചിത്രം റിലീസിന്

ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥപറയുന്ന ബിജോയ് നമ്പ്യാര്‍ ചിത്രം റിലീസിന്. ഹിന്ദിയില്‍ ‘ഡാംഗെ’ എന്നും തമിഴില്‍ ‘പോര്‍’ എന്നും പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ടി-സീരീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പങ്കുവെച്ചു. മാര്‍ച്ച് ഒന്നിന് ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തും. തമിഴ് പതിപ്പ് പോറിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അര്‍ജുന്‍ ദാസും കാളിദാസ് ജയറാമുമാണ് നായകന്മാര്‍. ‘നിങ്ങള്‍ ഈ യുദ്ധത്തിന് തുടക്കമിട്ടു, ശേഷം സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല,’ എന്ന് അര്‍ജുന്‍ ദാസിന്റെ കഥാപാത്രം പറയുന്നിടത്താണ് ടീസര്‍ അവസാനിക്കുന്നത്.

‘ഡാങ്കേ’ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി പതിപ്പില്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെയും ഇഹാന്‍ ഭട്ടുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നികിത ദത്തയും ടിജെ ഭാനുവുമാണ് നായികമാര്‍. തമിഴ് പതിപ്പില്‍ സഞ്ചന നടരാജനൊപ്പം ടിജെ ഭാനുവും അഭിനയിക്കുന്നുണ്ട്. അര്‍ജുന്‍ ദാസിനൊപ്പം ടിജെ ഭാനു അഭിനയിക്കുമ്പോള്‍ കാളിദാസ് ജയറാമിന്റെ പ്രണയ ജോടിയായി സഞ്ചന എത്തുന്നു. ഒരേ സമയത്താണ് ചിത്രം ഇരുഭാഷകളിലും ചിത്രീകരിച്ചത്. ഷൈത്താന്‍, ഡേവിഡ്, തൈഷ്, സോളോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. പ്രഭു ആന്റണി, മധു അലക്‌സാണ്ടര്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയാണ്.

Top