ജലനിരപ്പ് ഉയരുന്നു; കര്‍ണാടകയില്‍ ഡാമുകള്‍ തുറന്നു

ബംഗളൂരു: കര്‍ണാടകയില്‍ പല ജില്ലകളിലും നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. കാളി നദി, കദ്ര എന്നീ നദീ തീരങ്ങളില്‍ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി ഉത്തര കന്നഡ ജില്ലയിലുള്ള കദ്ര ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മറ്റു ചില ചെറിയ അണക്കെട്ടുകളും തുറന്നിട്ടുണ്ട്.

സംസ്ഥാനത്തെ പല നദികളിലും ജലനിരപ്പ് അപകട പരിധിക്കും മുകളിലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. പ്രളയ ദുരിതാശ്വാസമായി 50 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൊടക്, ഗൊകരാന, ചിക്കമംഗളൂരു തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്.

തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. കൊടകിലും മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള ബെല്‍ഗാവിയിലും മഴയുടെ ആഘാതം നേരിടുന്നുണ്ട്. കനത്ത മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top