ലൈംഗിക വീഡിയോ വിവാദം; ബിജെപി നേതാവ് രാജിവച്ചു

ദാമന്‍: കേന്ദ്രഭരണ പ്രദേശമായ ദാമന്‍, ദിയുവിലെ ബിജെപി അധ്യക്ഷനും മുന്‍ ലോക്‌സഭാ എംപിയുമായ ഗോപാല്‍ ടന്‍ഡേല്‍ രാജിവച്ചു. ഇദ്ദേഹത്തിന്റെ പേരില്‍ ഒരു യുവതിയുമൊത്തുള്ള നഗ്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് രാജിവെച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഗോപാല്‍ രാജിക്കത്തു സമര്‍പ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്.ഒരു യുവതിക്കൊപ്പം ഗോപാലുമായി മുഖസാദൃശ്യമുള്ള വ്യക്തി ഇടപഴകുന്നതാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ വ്യാജമാണെന്നു കാണിച്ച് ഗോപാല്‍ ശനിയാഴ്ച തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു.

ദാമന്‍, ദിയു ബിജെപി അധ്യക്ഷനായി ഗോപാലിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണു വിവാദം. തനിക്കെതിരെ പ്രാദേശിക ബിജെപി നേതാക്കള്‍ തന്നെയാണു വീഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാല്‍ പറയുന്നു. വീഡിയോയില്‍ തന്റെ മുഖം മോര്‍ഫ് ചെയ്തു ചേര്‍ത്തതാണെന്നും ഗോപാല്‍ വ്യക്തമാക്കി. വീണ്ടും അധ്യക്ഷസ്ഥാനത്തേക്കു വരുന്നത് തടയുന്നതിനാണ് വീഡിയോ പുറത്തിറക്കിയത് എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ രണ്ടുകൊല്ലം എങ്കിലും പഴക്കമുള്ളതാണ് എന്നാണ് പറയപ്പെടുന്നത്.

അറുപത്തിയഞ്ചുകാരനായ ഗോപാല്‍ നാലു വര്‍ഷം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. അതിനു മുന്‍പ് കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top