ഹെലികോപ്ടര്‍ തകര്‍ത്തു, വിമാനത്തിനു മുന്നില്‍ കുത്തിയിരുന്നു; 20കാരന്‍ പിടിയില്‍

ഭോപ്പാല്‍: ഭോപ്പാലില്‍ വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് ബേയിലേക്ക് അതിക്രമിച്ചു കയറി യുവാവിന്റെ വിളയാട്ടം. ഹെലികോപ്ടറിന്റെ നോസ്‌കോണിന് കേടുപാടു വരുത്തുകയും ടേക്ക് ഓഫിനു തയ്യാറെടുത്തിരുന്ന വിമാനത്തിനു മുന്നില്‍ കുത്തിയിരിക്കുകയും ചെയ്ത 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് സംഭവം. ഭോപ്പാല്‍ സ്വദേശിയായ യോഗേഷ് ത്രിപാഠി എന്നയാള്‍ പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറുകയും ഹെലികോപ്ടറിന്റെ നോസ് കോണിന് കേടുവരുത്തുകയായിരുന്നു. രാധാ സ്വാമി സത്സംഗ് ബിയാസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറിനാണ് യോഗേഷ് കേടുപാടുകള്‍ വരുത്തിയത്.

തുടര്‍ന്ന് യാത്രക്ക് തയ്യാറെടുത്തിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിനു മുന്നില്‍ യോഗേഷ് കുത്തിയിരിക്കുകയും ചെയ്തു. 46 പേരുമായി ഭോപ്പാലില്‍നിന്ന് ഉദയ്പുറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു വിമാനം. യുവാവിന്റെ പ്രവൃത്തി കാരണം ഒരു മണിക്കൂറാണ് വിമാനം വൈകിയത്.

Top