പ്രളയത്തില്‍ നശിച്ച 100 ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലില്‍ നിന്ന് കണ്ടെത്തി

തിരുച്ചിറപ്പള്ളി : പ്രളയക്കെടുതിയില്‍ നശിച്ചുപോയ സംസ്ഥാനത്തെ ലോഡ് കണക്കിന് അരി തമിഴ്‌നാട്ടിലെ ഗോഡൗണുകളില്‍ വീണ്ടും വില്‍പ്പനയ്ക്ക് തയ്യാറാവുന്നു. 100 ലോഡിലേറെ അരി തമിഴ്നാട്ടില്‍ നിന്നും കണ്ടെടുത്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പോളിഷ് ചെയ്ത് കേരളത്തില്‍ എത്തിക്കാമെന്ന് കരുതിയ ലോഡ് കണക്കിന് അരിയാണ് സമയോചിതമായ പരിശോധനയിലൂടെ കണ്ടെത്തിയത്. പെരുമ്പാവൂരിലെ മില്ലില്‍ നിന്നു സൈറസ് ട്രേഡേഴ്സ് നീക്കിയ അരി തിരുച്ചിറപ്പള്ളി തുറയൂര്‍ ശ്രീ പളനി മുരുകന്‍ ട്രേഡേഴ്സിന്റെ ഗോഡൗണില്‍ എത്തിയ കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

പ്രളയത്തില്‍ തീര്‍ത്തും നശിച്ച അരി വീണ്ടും കേരളത്തില്‍ തിരിച്ചെത്തിക്കാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നാണ് പരിശോധന നടത്തിയ പാലക്കാട്ടെ സ്പെഷ്യല്‍ ബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരിയാണു കണ്ടെത്തിയത്. ഒപ്പം, പകുതി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തതുമായ അരിയുമുണ്ട്. ചീഞ്ഞ നശിച്ച അരി കാലത്തീറ്റയ്ക്ക് പോലും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നപ്പോഴാണ് ഈ ക്രൂരത.

കണ്ടെത്തിയ അരിയില്‍ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ 2 മില്ലുകളുടെയും പേരോടെ ലേബലുണ്ട്. തുറയൂരില്‍ മറ്റു ചില മില്ലുകളിലും ലോഡ് കണക്കിന് അരിയുള്ളതായി വിവരമുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ചു. രാവിലെ തന്നെ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. മില്‍ ഉടമസ്ഥര്‍ ഒളിവിലാണ്.

അതേസമയം അരി പരിശോധിക്കാനോ തെളിവു ശേഖരിക്കാനോ സപ്ലൈകോ ഉദ്യോഗസ്ഥരെത്തിയിട്ടില്ല. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഇതു സംബന്ധിച്ച് പ്രതികരണം ഒന്നും നടത്തിയിട്ടില്ല. കേടായ അരിയും നെല്ലും നീക്കാനുള്ള ടെന്‍ഡര്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഭക്ഷ്യ സെക്രട്ടറിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണിത്. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സപ്ലൈകോ എംഡിയോടു ഭക്ഷ്യ സെക്രട്ടറി നിര്‍ദേശിച്ചു. ടെന്‍ഡര്‍ തീയതി, പങ്കെടുത്തവര്‍, ടെന്‍ഡര്‍ പൂര്‍ത്തിയായ ശേഷം നിരക്ക് കൂട്ടിയോ തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചിരിക്കുന്നത്. കേടായ അരി തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസിനും നികുതി വകുപ്പിനും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top