അണക്കെട്ട് നിര്‍മ്മാണം; കര്‍ണാടക സര്‍ക്കാരിനെതിരെ സമരവുമായി തമിഴ്‌നാട് ബിജെപി

ബെംഗളൂരു: അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപി സര്‍ക്കാരിനെതിരെ നിരാഹാര സമരവുമായി തമിഴ്‌നാട് ബിജെപി. കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിര്‍മ്മിക്കാനുള്ള നീക്കത്തിന് എതിരെ തഞ്ചാവൂരില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തിലാണ് സമരം.

തഞ്ചാവൂരില്‍ വലിയ റാലിയോടെയാണ് ബിജെപി കര്‍ണാടക സര്‍ക്കാരിനെതിരായ തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ ഏകദിന നിരാഹാര സമരം തുടങ്ങിയത്. മേക്കേദാട്ടു അണക്കെട്ട് നിര്‍മ്മാണത്തിനായി ഒരു ഇഷ്ടിക പോലും വെയ്ക്കാന്‍ അനുവദിക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സമരത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

മേക്കേദാട്ടു അണക്കെട്ട് വന്നാല്‍ കാവേരിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന വെള്ളം കുറയുമെന്നും കര്‍ഷകര്‍ ദുരിതത്തില്‍ ആകുമെന്നുള്ള ആശങ്കയെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നത്. അണക്കെട്ടിനെതിരെ ഡിഎംകെയും എഐഡിഎംകെയുമുള്‍പ്പെടെ തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം രംഗത്ത് വന്നതോടെ ജനരോഷം ഭയന്നാണ് ബിജെപി സമരമെന്നാണ് വിമര്‍ശനം.

Top