Dalits to invite Amitabh Bachchan, PM Modi to feel ‘Badbu Gujarat Ki’

അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാരിന്റെ ടൂറിസം വികസനത്തിനായി നടത്തുന്ന പ്രചരണ പരിപാടിക്കെതിരെ ദളിത് സംഘടനകള്‍.

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കാണാതെ ഗുജറാത്തിനെക്കുറിച്ച് തെറ്റായ ചിത്രം നല്‍കുന്നതായി ആരോപിച്ചാണ് ഉന ദളിത് അത്യാചാര്‍ ദളിത് സമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്

ഗുജറാത്തിന്റെ ടൂറിസം അംബാസിഡറായ അമിതാഭ് ബച്ചന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പിന്റെ ‘ഖുശ്ബു ഗുജറാത്ത്’ (ഗുജറാത്തിന്റെ സുഗന്ധം) എന്ന ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. ഇതിനെതിരായി ‘ബാദ്ബു ഗുജറാത്ത്’ (ഗുജറാത്തിന്റെ ദുര്‍ഗന്ധം) എന്ന പേരില്‍ പ്രചരണ പരിപാടി ആരംഭിച്ചിരിക്കുകയാണ് ദളിത് സംഘടനകള്‍.

അമിതാഭ് ബച്ചന്റെ വിട്ടു വിലാസത്തില്‍ ‘ബദ്ബു ഗുജറാത്ത്’ എന്നെഴുതിയ ആയിരക്കണക്കിന് പോസ്റ്റ് കാര്‍ഡുകള്‍ അയച്ച് പ്രതിഷേധിക്കാനാണ് ഉദ്ദേശിക്കുന്നത്. അഹമ്മദാബാദിലെ കലോലില്‍ ചൊവ്വാഴ്ചയാണ് പ്രതിഷേധ പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്.

ഗുജാത്തില്‍ വരാനും ദളിതരുടെ പ്രതിഷേധത്തിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട പശുക്കളുടെ ശവങ്ങള്‍ അഴുകുന്ന ഗന്ധം ശ്വസിക്കാനും ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് കാര്‍ഡ് അയയ്ക്കുകയെന്ന് സംഘടനയുടെ കണ്‍വീനര്‍ ജിഗ്‌നേഷ് മേവാനി പറഞ്ഞു.

ഗുജറാത്തിലെത്തിയ ബച്ചന്‍, ഇവിടുത്തെ അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ കാണാന്‍ കൂട്ടാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളോ ചീഞ്ഞഴുകുന്ന പശുക്കളെയോ നീചമായ ജാതി വിവേചനത്തെയോ കാണാന്‍ ബച്ചന്‍ കൂട്ടാക്കിയില്ല. മോദിയുടെ അജണ്ടകള്‍ നടപ്പാക്കുന്ന ബച്ചന്‍, ഗുജറാത്തിനെക്കുറിച്ച് തെറ്റായ ചിത്രമാണ് ലോകത്തിന് നല്‍കുന്നത്.

ദളിതര്‍ ഗോ സംരക്ഷകരുടെ ക്രൂര പീഡനത്തിന് ഇരയാകുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ ഗുജറാത്തില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്.

ഈ സാഹചര്യത്തിലാണ് ടൂറിസം വകുപ്പിന്റെ ക്യംപെയിനെതിരായി ദളിതര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Top