ന്യൂഡല്‍ഹി: ഗുരു രവിദാസ് ക്ഷേത്രം പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് ലക്ഷത്തിലധികം വരുന്ന ദലിതരുടെ മഹാ പ്രക്ഷോഭം. തുഗ്ലക്കാബാദിലെ രവിദാസിയ സമുദായത്തിന്റെ ആചാര്യനായ ഗുരു രവിദാസിന്റെ പേരിലുള്ള ക്ഷേത്രം ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച് നീക്കിയതിനെതിരെയാണ് രവിദാസിയ സമാജും ഭീം ആര്‍മിയും ഉള്‍പ്പടെയുള്ള ദലിത് സംഘടനകള്‍ ശക്തമായി പ്രതിഷേധിക്കുന്നത്.
നീല വസ്ത്രവും നീല പതാകയും വഹിച്ച് ചരിത്രപ്രസിദ്ധമായ രാംലീലാ മൈതാനിലേക്ക് ജനക്കൂട്ടം ഒഴുകിയപ്പോള്‍ ഡല്‍ഹിയില്‍ ജാന്ദേവാലനും രാംലീല മൈതാനിക്കുമിടയിലെ റോഡുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലായി മാറി. പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ദലിതുകളാണ് പ്രക്ഷോഭത്തില്‍ അണിനിരന്നത്.
പ്രതിഷേധറാലിയെ കണ്ണീര് വാതകവും ലാത്തി ചാര്‍ജ്ജും പ്രയോഗിച്ചാണ് ഡല്‍ഹി പോലീസ് നേരിട്ടത്.ഡല്‍ഹിയില്‍ പ്രതിഷേധക്കടലായി ദലിതരുടെ പ്രക്ഷോഭം മാറി. ഇതിനിടെ പൊലിസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹം പടര്‍ന്നത് പ്രതിഷേധം ആളിക്കത്താനിടയാക്കി. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ക്ക് തീയിടുകയും ചെയ്തെന്നും ആക്രമണത്തില്‍ 15 പൊലീസുകാര്‍ക്ക് പരുക്കേറ്റതായും പാലീസ് പറയുന്നു.
സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് രവിദാസ് ക്ഷേത്രം പൊളിച്ചുനീക്കിയത്. ഓഗസ്റ്റ് 13ന് ക്ഷേത്രം പൊളിച്ചുമാറ്റിയതിനെതിരെ രവിദാസിയ സമുദായക്കാര്‍ ബന്ദ് നടത്തിയിരുന്നു.