പൊതുശ്മശാനം വിട്ടുനല്‍കിയില്ല ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്തു

ഷിംല: ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്തു. ഉയര്‍ന്ന ജാതിക്കാര്‍ പൊതുശ്മശാനം വിട്ടുനല്‍കാത്തിനെ തുടര്‍ന്നാണ് താഴ്ന്ന ജാതിക്കാരിയായ സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരായത്.

ഹിമാചല്‍പ്രദേശിലെ ഫോസല്‍ വാലി ഗ്രാമത്തിലാണ് സംഭവം. താഴ്ന്ന ജാതിക്കാരായതിനാല്‍ പൊതുശ്മശാനം വിട്ടുനല്‍കാന്‍ ചിലര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് സ്ത്രീയുടെ കുടുംബം ആരോപിച്ചു.ശ്മശാനത്തില്‍ സ്ത്രീയെ അടക്കം ചെയ്യന്‍ പറ്റില്ലെന്ന് ശ്മശാന നടത്തിപ്പുകാര്‍ പറയുന്നതിന്റെ വീഡിയോ റാം ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

നൂറ് വയസ്സായ സ്ത്രീ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് മരിച്ചത്. മുത്തശ്ശിയുടെ മൃതദേഹം അടക്കം ചെയ്യാന്‍ പൊതുശ്മശാനത്തില്‍ എത്തിയപ്പോള്‍ താഴ്ന്ന ജാതിക്കാരായതിനാല്‍ അവിടെ അടക്കം ചെയ്യാന്‍ സാധിക്കില്ലെന്ന് ഉയര്‍ന്ന ജാതിക്കാര്‍ പറയുകയായിരുന്നുവെന്ന് സ്ത്രീയുടെ കൊച്ചുമകന്‍ തപേ റാം പറഞ്ഞു.പൊതുശ്മശാനത്തില്‍ താഴ്ന്ന ജാതിയിലുള്ളവരെ അടക്കം ചെയ്താല്‍ അത് ദൈവകോപത്തിന് ഇടയാകുമെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സ്ത്രീയുടെ കുടുംബത്തിനായിരിക്കുമെന്ന് ശ്മശാന അധികൃതര്‍ പറഞ്ഞു. ഇതോടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍ യൂനസ് എസ്ഡിഎമ്മിനോടും ഡിഎസ്പിയോടും സംഭവത്തില്‍ അന്വേഷണം ആരംഭിക്കാന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്നും ഗ്രാമവാസികളില്‍ നിന്നും മൊഴി എടുക്കുമെന്നും യൂനസ് പറഞ്ഞു.

Top