ഹര്‍ത്താല്‍; കെഎസ് ആര്‍ടിസി ബസുകള്‍ തടയുന്നു , നിരവധി പേര്‍ കസ്റ്റഡിയില്‍

HARTHAL

തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ശക്തമാകുന്നു. സംസ്ഥാനത്ത് പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. നിരവധി ഹര്‍ത്താല്‍ അനൂകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിന് ഗോത്രമഹാ സഭ നേതാവ് എം. ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനെ കൂടാതെ നിരവധി ദളിത് സംഘടന പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇപ്പോള്‍ ഭാഗികമായി മാത്രമെ സര്‍വീസ് നടത്തുന്നുള്ളു.

തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഹർത്താൽ അനുകൂലികൾ ഉപരോധിച്ചു. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി സർവീസ് നിർത്തിവെക്കാൻ പൊലീസ് നിർദേശിച്ചു.

പാലക്കാട് കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു.കൊല്ലത്ത് വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി.

കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകർത്തു. വാഹനങ്ങൾ തടഞ്ഞതിന് വടകരയിൽ മൂന്ന് ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴയില്‍ വാഹനം തടയാന്‍ ശ്രമിച്ച 11 പേരെ കസ്റ്റഡിയിലെടുത്തു. ഹര്‍ത്താലിനെ തുടര്‍ന്ന് മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

കോഴിക്കോട് അത്തോളി മേഖലയില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. സമരാനൂകൂലികള്‍ കോഴിക്കോട് മിഠായി തെരുവിലെ കടകള്‍ അടപ്പിച്ചു. കണ്ണൂര്‍ പുതിയ തെരുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ സ്വകാര്യ ബസ്സുകളൊന്നും സര്‍വീസ് നടത്തുന്നില്ല.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. ഏറെനേരം വാഹനങ്ങള്‍ തടഞ്ഞു.

കോട്ടയത്ത് വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് താത്കാലികമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. നിലമ്പൂരില്‍ റോഡ് ഉപരോധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡന നിരോധനനിയമം ദുര്‍ബലപ്പെടുത്തുന്നു എന്നാരോപിച്ച് നടന്ന ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം നടത്തുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ദളിത് പീഡനനിയമം പൂര്‍വസ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.

കേരള ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, നാഷണല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ട്, ദളിത് ഹ്യൂമന്‍ റൈറ്റ് മൂവ്‌മെന്റ്, കേരള ചേരമര്‍ സംഘം, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ ദളിത് സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പിന്തുണയ്ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരികളും സ്വകാര്യ ബസുടമകളും അറിയിച്ചിരുന്നു. വാഹനഗതാഗതം തടസ്സപ്പെടുുകയോ, തടയുകയോ, ആക്രമണം നടത്തുകയോ ചെയ്താല്‍ കടുത്ത കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top