സംസ്ഥാനത്ത് ഹര്‍ത്താല്‍ ; തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു

harthal

തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡന നിരോധനനിയമം ദുര്‍ബലപ്പെടുത്തുന്നു എന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ നടത്തുന്നത്.

ഭാരത് ബന്തില്‍ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം നടത്തുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ദളിത് പീഡനനിയമം പൂര്‍വസ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. കേരള ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, നാഷണല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ട്, ദളിത് ഹ്യൂമന്‍ റൈറ്റ് മൂവ്മെന്റ്, കേരള ചേരമര്‍ സംഘം, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ ദളിത് സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. .

ആദ്യമണിക്കൂറില്‍ ബസുകളെ സര്‍വീസ് നടത്താന്‍ അനുവദിച്ചെങ്കിലും സംസ്ഥാനത്ത് പലയിടത്തായി വാഹനങ്ങളെ തടയുന്നുണ്ട്. ചില പ്രദേശങ്ങളില്‍ കെഎസ് ആര്‍ടിസി ബസുകളും, സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നുണ്ട്

കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പിന്തുണയ്ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.സഹകരിക്കില്ലെന്നാണ് വ്യാപാരികളും സ്വകാര്യ ബസുടമകളും അറിയിച്ചിരിക്കുന്നത്. പൊലീസ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. കൊല്ലത്ത് രാവിലെ തന്നെ ദലിത് ഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

വാഹനഗതാഗതം തടസ്സപ്പെടുുകയോ, തടയുകയോ, ആക്രമണം നടത്തുകയോ ചെയ്താല്‍ കടുത്ത കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഡി.ജി.പി. ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു.
.

Top