dalith issue at Gujarath

അഹമ്മദാബാദ് : സംഘപരിവാറിന്റെ ക്രൂരപീഡനങ്ങളില്‍ പ്രതിഷേധിച്ച് ഗുജറാത്തിന്റെ വിവിധഭാഗങ്ങളില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ വ്യാഴാഴ്ചയും തെരുവിലിറങ്ങി.

ഗിര്‍ സോമനാഥ് ജില്ലയിലെ ഉന പട്ടണത്തില്‍ ദളിത് യുവാക്കളെ നഗ്‌നരാക്കി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചാണ് രണ്ടാംദിവസവും ദളിത് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.

അതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ മര്‍ദനമേറ്റ ചെറുപ്പക്കാരെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു.

ബുധനാഴ്ച അര്‍ധരാത്രിയും വ്യാഴാഴ്ചയും വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മകളും നടന്നു. രാജ്‌കോട്ട്, മെഹസാന, ലിംബാഡി, സൂറത്ത് എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച അങ്ങിങ്ങ് സംഘര്‍ഷ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രതിഷേധം കനത്തതോടെ നിര്‍ത്തിവച്ച ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസുകള്‍ വ്യാഴാഴ്ച പുനരാരംഭിച്ചു. അതേസമയം, പ്രക്ഷോഭകര്‍ സൂറത്തിലെ ഉധ്‌നയില്‍ തീവണ്ടി തടഞ്ഞു.

അഹമ്മദാബാദിലേക്ക് പുറപ്പെട്ട നവജീവന്‍ എക്‌സ്പ്രസാണ് പ്രക്ഷോഭകര്‍ തടഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് സമരക്കാരെ നീക്കി. കഴിഞ്ഞദിവസം നടന്ന ബന്ദിനിടെ കടകള്‍ക്ക് നാശമുണ്ടായി എന്നാരോപിച്ച് ആരവല്ലി ജില്ലയിലെ മൊഡാസയില്‍ വ്യാഴാഴ്ച വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടു.

ബന്ദിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ വ്യാപാരികള്‍ക്കും പ്രക്ഷോഭകര്‍ക്കും എതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

Top