Dalit women issue ; Police case charged against A N Shamseer MLA

കണ്ണൂര്‍: ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെതിരെയും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി പി ദിവ്യക്കുമെതിരെ കേസെടുത്തു. ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ജനയുടെ പരാതിയിലാണ് കേസ്. ആത്മഹത്യാ ശ്രമത്തിന് അഞ്ജനക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇതേസമയം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ മൊഴിയില്ലെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ പ്രതികരിച്ചു. ജയിലില്‍ പോകേണ്ടി വന്നതിന്റെ മാനസിക സംഘര്‍ഷത്തിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു കമ്മീഷന്റെ പ്രതികരണം.

യുവതി സിപിഐഎമ്മിനെതിരെയോ, നേതാക്കള്‍ക്ക് എതിരെയോ മൊഴി നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി.എം വിജയകുമാര്‍ പറഞ്ഞു. ഒരാളുടെയും പേര് എടുത്ത് പറയുകയോ, പ്രേരണകുറ്റം ആരോപിക്കുകയോ അവര്‍ ചെയ്തിട്ടില്ല. മൊഴി എഴുതി എടുക്കുകയും റെക്കോഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സിപിഐഎമ്മിന്റെ ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ തലശേരി കുട്ടിമാക്കൂലിലെ രാജന്റെ മകളായ അഞ്ജന, അഖില എന്നിവരെയാണ് ഒന്നരവയസുളള കുഞ്ഞിനൊപ്പം ജയിലിലേക്ക് അയച്ചത്.പിന്നീട് ജാമ്യത്തിലിറങ്ങിയ ദിവസം രാത്രിയാണ് അഞ്ജന ആത്മഹത്യാ ശ്രമം നടത്തിയത്.

സിപിഐഎം നേതാക്കളായ ഷംസീര്‍, പി.പി ദിവ്യ എന്നിവരുടെ ഭാഗത്ത് നിന്നും ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ തള്ളിക്കളയുന്നതാണ് യുവതി ഇപ്പോള്‍ കമ്മീഷനില്‍ നല്‍കിയ മൊഴി.

Top