ദളിത് വിദ്യാര്‍ത്ഥിയുടെ മരണം: ജാതി വിവേചനമെന്ന് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്

ജയ്പൂര്‍: രാജസ്ഥാനിൽ അധ്യാപകന്‍റെ മർദ്ദനമേറ്റ് ദളിത് വിദ്യാർത്ഥി മരിച്ച സംഭവം ജാതി വിവേചനമല്ലെന്ന വാദവുമായി പൊലീസ്. അന്വേഷണത്തില്‍ ജാതി വിവേചനമാണെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് ആവർത്തിക്കുന്നത്. എന്നാല്‍, സ്കൂളിന്‍റെ ഉടമ കൂടിയായ പ്രതി സാക്ഷികളെ സ്വാധീനിക്കുകയാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയ‍ർന്നിട്ടുണ്ട്.

അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ദളിത് വിഭാഗത്തിൽപ്പെട്ട ഒമ്പത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ജാതി വിവേചനത്തിന് തെളിവില്ലെന്നാണ് രാജസ്ഥാൻ പൊലീസ് വാദം. കേസന്വേഷണത്തിൽ സ്കൂളിൽ മേൽജാതിക്കാർക്കായി വെള്ളം മാറ്റി വെച്ചുവെന്നതിന് തെളിവ് ഇല്ലെന്നും എസ്പി ഹർഷ വർധൻ അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.

മേൽജാതിക്കാര്‍ക്ക് വെച്ചിരുന്ന വെള്ളത്തിൽ തൊട്ടു എന്നതിന്‍റെ പേരിലാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. സ്കൂളിലെ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട അധ്യാപകരുടേതുൾപ്പടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, രാജ്പുത് വിഭാഗത്തിൽപ്പെട്ട പ്രതി ചേൽ സിംഗ്, അധ്യാപകൻ മാത്രമല്ല സ്കൂളിന്‍റെ ഉടമ കൂടിയാണെന്നും, ജോലി നഷ്ടപ്പെടുമെന്ന് ഭയത്തിൽ സാക്ഷികളായ മറ്റ് അധ്യാപകർ സത്യം മറച്ചുവെക്കുകയാണെന്നും കൊല്ലപ്പെട്ട ഇന്ദ്ര മെഹ്വാളിന്‍റെ ബന്ധുക്കൾ ആരോപിച്ചു.

Top