dalit student suicide in andhrapradesh

വിജയവാഡ: ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ചു. നോവ എന്‍ജിനീയറിങ്ങ് കോളേജിലെ ഇലക്ട്രിക്ക് ആന്റ് ഇലക്ട്രാണിക്‌സ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ പുവല പ്രേംകുമാര്‍(22) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പൊന്നും കിട്ടിയിട്ടില്ല.

മൂന്നുവര്‍ഷത്തെ പരീക്ഷകളിലൊന്നും വിജയിക്കാതിരുന്നതില്‍ പ്രേം ദു:ഖിതനായിരുന്നുവെന്നും ഇക്കാരണത്താല്‍ പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുമാണ് അറിയുന്നത്.

പ്രേമിന്റെ മാതാപിതാക്കള്‍ 2013ലും 2014ലും മരിച്ചിരുന്നു. ഒറ്റപ്പെട്ട നിലയിലായിരുന്നു പ്രേം എന്ന് സഹോദരനും സുഹൃത്തുക്കളും പറയുന്നു. കിഴക്കന്‍ ഗോദാവരി ജില്ലയിലുള്ള മഡിഗാ ദളിത് സമുദായത്തില്‍ പെട്ടവരാണ് തങ്ങളെന്ന് പ്രേമിന്റെ സഹോദരന്‍ പുവല നാഗാര്‍ജുന പറഞ്ഞു.

ഹൈദരാബാദില്‍ ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക പിന്നാലെയാണ് അടുത്ത ആത്മഹത്യയും നടന്നിരിക്കുന്നത്.
എ.ബി.വി.പി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയതില്‍ മനംനൊന്താണ് രോഹിത് ആത്മഹത്യ ചെയ്തത്. ദളിതനായത് കൊണ്ട് രോഹിതിന് സാമൂഹിക ബഹിഷ്‌കരണം നേരിടേണ്ടി വന്നിരുന്നുവെന്ന് വിദ്യാര്‍ത്ഥികളും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നുണ്ട്.

Top