Dalit scholar’s suicide: Union minister, VC booked for abetment

ന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ സസ്‌പെന്‍ഡ് ചെയ്ത ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രിക്കും വി.സിക്കും എതിരെ കേസെടുത്തു. സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ധാരു ദത്തത്രേയ, വൈസ് ചാന്‍സലര്‍ അപ്പാ റാവു പോദിലെ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബി.ജെ.പി നേതാവിന്റെ പരാതിയില്‍ ഹൈദരാബാദ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത അഞ്ച് ദളിത് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഞായറാഴ്ച ആത്മഹത്യ ചെയ്തത്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയും ഗവേഷക വിദ്യാര്‍ഥിയുമായ രോഹിതിനെ ആണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷമാണ് രോഹിത് ജീവനൊടുക്കിയത്.

‘എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, അല്ലെങ്കില്‍ ഒരു വസ്തുവിലേക്ക്. എന്നാല്‍, ഒരു മനുഷ്യനെ ഒരു മനസെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല’ എന്നും ആത്മഹത്യ കുറിപ്പില്‍ രോഹിത് ചൂണ്ടിക്കാട്ടുന്നു.

കാമ്പസില്‍ അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്റെ പ്രവര്‍ത്തകരായ അഞ്ച് ദളിത് വിദ്യാര്‍ഥികളെയാണ് എ.ബി.വി.പിയുടെയും ബി.ജെ.പി നേതൃത്വത്തിന്റെയും സമ്മര്‍ദത്തെ തുടര്‍ന്ന് വി.സി സസ്‌പെന്‍ഡ് ചെയ്തത്. ഇതേതുടര്‍ന്ന് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഒരാഴ്ചയിലധികമായി രാപകല്‍ സമരം നടന്നു വരികയായിരുന്നു.

Top