ദളിത് അധ്യാപകരെ തഴഞ്ഞ് രാജ്യത്തെ ഐഐടികള്‍; ജാതി സംവരണം പരാജയം. .

ളിത് പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ രാജ്യം വളരെ വലിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍, അതിനനുസൃതമായ പുരോഗതി ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇന്ത്യയിലെ ഐഐടികളില്‍ 3 ശതമാനത്തില്‍ താഴെ മാത്രമാണ് പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകര്‍ ഉള്ളൂ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

23 ഐഐടികളിലായി ആകെയുള്ള 6,043 അധ്യാപകരില്‍ 149 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും 21 പേര്‍ പട്ടിക വിഭാഗത്തില്‍ നിന്നുമാണ്. അതായത്, 2.8 ശതമാനം മാത്രമാണ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള അദ്ധ്യാപകര്‍. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

അസിസ്റ്റന്റ് പ്രൊഫസര്‍ പോസ്റ്റിലേയ്ക്കുള്ള എന്‍ട്രി ലെവലില്‍ മാത്രമാണ് ഐഐടികളില്‍ സംവരണം ബാധകമാകൂ. സയന്‍സ്, ടെക്നോളജി വിഷയങ്ങളിലേയ്ക്കുള്ള അധ്യാപക പോസ്റ്റുകള്‍ക്കും ഇത് ബാധകമാണ്. ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളിലെ അധ്യാപക തസ്തികകളിലേയ്ക്കും മറ്റ് അനധ്യാപക തസ്തികകളിലേയ്ക്കും 15 ശതമാനം, 7 അര ശതമാനം, 27 ശതമാനം എന്നിങ്ങനെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, ഒബിസി വിഭാഗക്കാരെ പരിഗണിക്കുന്നു.

ധന്‍ബാദ് ഐഐടിയിലാണ് ഏറ്റവുമധികെ എസ്.സി എസ്ടി അദ്ധ്യാപകരുള്ളത്, 35 പേര്‍. മാന്‍ഡി ഐഐടിയില്‍ പിന്നോക്ക വിഭാഗക്കാരായ ഒറ്റ അദ്ധ്യാപകരില്ലെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ധന്‍ബാദില്‍ 29 പട്ടിക ജാതി വിഭാഗക്കാരുള്ളപ്പോള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ വെറും ആറ് പേര്‍ മാത്രമാണുള്ളത്. ആറ് സ്ഥാപനങ്ങളില്‍ പത്തിലധികം പട്ടികജാതി വിഭാഗക്കാര്‍ അധ്യാപകരുള്ളപ്പോള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ മൂന്നില്‍ കൂടുതല്‍ ഉള്ള ഒരേ ഒരു ഐഐടി ധന്‍ബാദാണ്.

14 ഐഐടികളില്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ആരും തന്നെ അദ്ധ്യാപകരായി പ്രവര്‍ത്തിക്കുന്നില്ല. 512 ഐഐഎം അധ്യാപകരില്‍ രണ്ട് പേര്‍ മാത്രമാണ്വ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും ഉള്ളതെന്നാണ് സ്വകാര്യ സംഘങ്ങള്‍ നടത്തി പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ പോലും ഇല്ല.

എല്ലാ തൊഴില്‍ മേഖലകളിലും ദളിതര്‍ മാറ്റി നിര്‍ത്തപ്പെടുന്നു എന്ന് അവനധി തവണ ചര്‍ച്ച ചെയ്ത് കഴിഞ്ഞതാണ്. മാധ്യമ പ്രവര്‍ത്തന രംഗത്തിന് പോലും വ്യത്യാസങ്ങളില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ റോബിന്‍ ജെഫ്രി 1992 ല്‍ താന്‍ ഇന്ത്യയിലെത്തുമ്പോഴും ഇരുപത് വര്‍ഷത്തിനു ശേഷവും മാധ്യമങ്ങളില്‍ ദളിത് അപ്രാതിനിധ്യം അതേപോലെ തുടരുന്നു എന്ന് അദ്ദേഹം വിലയിരുത്തി.

12 ശതമാനം വരുന്ന ദളിതര്‍ ഇപ്പോഴും 26,000 കോളനികളിലാണ് താമസിക്കുന്നത്. ജാതിവിവേചനത്തെ സംബന്ധിച്ച പഠനങ്ങള്‍ സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയാണ്. വിവേചനം സാമ്പത്തികരംഗങ്ങളില്‍കൂടി വ്യാപിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ചൂഷണങ്ങള്‍ക്കും അടിമത്വത്തിനും വിധേയരായിരുന്നവര്‍ ഇന്ന് അതിനേക്കാള്‍ വലിയ സാമ്പത്തിക വിവേചനമാണ് അനുഭവിക്കുന്നത്.

അവസരസമത്വം ഇവര്‍ക്ക് നിഷേധിക്കുന്നു എന്നതിന്റെ തെളിവാണ് ഐഐടികളില്‍ നിന്ന് പുറത്തു വരുന്ന കണക്കുകള്‍. ഇത് അവരുടെ സാമ്പത്തികപുരോഗതിയെ ഇല്ലാതാക്കുന്നു. 77 ശതമാനം ദളിതരും രാജ്യത്ത് ജാതിവിവേചനത്തിനും അയിത്തത്തിനും വിധേയമായി ജീവിക്കുന്നവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.

സ്വാതന്ത്രാനന്തരം ഇന്ത്യയുടെ ഏറ്റവും വലിയ വിപ്ലവകരമായ തീരുമാനമായിരുന്നു ജാതീയ സംവരണം. ജാതീയമായ അവഗണനയുടെ ഇരുണ്ട കാലഘട്ടം താണ്ടിയാണ് രാജ്യം വികസനത്തിന്റെ പാതിയിലേയ്ക്ക് എത്തിയത്. എന്നാല്‍, വിഭ്യാസപരമായും ജോലി ലഭ്യതയുടെ കാര്യത്തിലും ഇനിയും പിന്നോക്ക വിഭാഗക്കാര്‍ക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്.

ഒരാള്‍ പോലും ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഉയര്‍ന്ന പദവികളിലേയ്ക്ക് എത്താത്ത സ്ഥാപനങ്ങള്‍ 21-ാം നൂറ്റാണ്ടിലും രാജ്യത്ത് ഉണ്ട് എന്നുള്ളത് അപലപനീയമാണ്. ജാതീയ അധിക്ഷേപങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്നത്‌ അനുവദിക്കാന്‍ കഴിയുന്നതല്ല.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top