മതം മാറിയ ദളിതർക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ല: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡൽഹി: മുസ്ലിം, ക്രൈസ്തവ മതങ്ങളിലേക്ക് മാറിയ ദളിതർക്ക് പട്ടിക വിഭാഗക്കാർക്കുള്ള ആനുകൂല്യം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹിന്ദുക്കളായ ദളിതർ അനുഭവിച്ചതു പോലെയുള്ള പീഡനങ്ങൾ ദളിത് ക്രൈസ്തവരും, മുസ്ലിങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖകൾ ഇല്ലെന്നും സത്യവാങ്മൂലം പറയുന്നു.

ദളിത് ഹിന്ദുക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സംവരണവും ദളിത് ക്രൈസ്തവർക്കും, മുസ്ലിങ്ങൾക്കും കൂടി നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകൾ ദളിത് ക്രൈസ്തവർക്കും, മുസ്ലിങ്ങൾക്കും ഇടയിൽ ഇല്ല.

തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകളിൽ നിന്ന് പുറത്ത് കടക്കുന്നതിനാണ് ദളിത് ഹിന്ദുക്കൾ, ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറുന്നതെന്നും കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളിൽപ്പെട്ട ദളിതർക്ക് മാത്രമാണ് നിലവിൽ പട്ടിക വിഭാഗക്കാർക്കുള്ള ആനുകൂല്യം ലഭിക്കുന്നത്. ഇവരുടെ പിന്നാക്ക അവസ്ഥയും, ഇവർക്കിടയിൽ നിലനിന്നിരുന്ന സാമൂഹിക തിന്മകളുടെ ചരിത്രപരമായ രേഖകളും പരിശോധിച്ച ശേഷമാണ് പട്ടിക വിഭാഗക്കാർക്കുള്ള ആനുകൂല്യം നൽകുന്നത്. അതേസമയം ദളിത് ക്രൈസ്തവർക്കും, മുസ്ലിങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 27% ശതമാനം സംവരണത്തിന് അർഹത ഉണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ദേശീയ പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപറേഷന്റെ വിവിധ പദ്ധതികൾക്കും, സ്‌കോളർഷിപ്പുകൾക്കും ഇവർക്ക് അർഹതയുണ്ട്. ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിത് ഹിന്ദുക്കൾക്ക് ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് നൽകുന്ന അനുകൂല്യത്തിന്റെ അർഹത ഉണ്ട്.

ദളിത് ക്രിസ്ത്യാനികളെയും, ദളിത് മുസ്ലിങ്ങളെയും പട്ടിക വിഭാഗത്തിൽ ഉൾപെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മീഷൻ ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്, ഈ കമ്മീഷന്റെ റിപ്പോർട്ട് വരുന്നത് വരെ ഹർജിക്കാർ കാത്തിരിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.

Top