ഗുജറാത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ദലിത് സഹോദരങ്ങളെ മര്‍ദിച്ച് കൊലപ്പെടുത്തി

അഹമ്മദാബാദ്: ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഇരുപതോളം പേരടങ്ങുന്ന സംഘം സഹോദരങ്ങളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവര്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള സഹോദരങ്ങളാണെന്നും ജില്ലയിലെ സമാധിയാല ഗ്രാമത്തില്‍ താമസിക്കുന്നവരാണെന്നും സുരേന്ദ്രനഗര്‍ പൊലീസ് സൂപ്രണ്ട് ഹരേഷ് ദൂദത്ത് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരമാണ് ഒരു സംഘമാളുകള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് സഹോദരന്മാരായ അല്‍ജി പര്‍മറിനേയും, മനുഭായ് പര്‍മറിനേയും ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.അക്രമികള്‍ കതി-ദര്‍ബാര്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. സഹോദരന്മാരെ സഹായിക്കാന്‍ ശ്രമിച്ച ദലിത് വിഭാഗത്തില്‍പ്പെട്ട മറ്റുള്ളവരെ വടികളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് മര്‍ദ്ദിച്ചതായും പൊലീസ് പറഞ്ഞു. അക്രമത്തില്‍ രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു.

Top