ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലന് മേല്‍ജാതിക്കാരന്റെ ക്രൂര മര്‍ദ്ദനം

വാര്‍ധ: ക്ഷേത്രത്തില്‍ പ്രവേശിച്ച എട്ടു വയസ്സുകാരനായ ദളിത് ബാലനെ മേല്‍ജാതിയില്‍പ്പെട്ടയാള്‍ ക്രൂരമായി മര്‍ദിച്ചു. കുട്ടിയെ നഗ്‌നനാക്കി, കത്തുന്ന അടുപ്പിന് മുകളില്‍ ഇരുത്തിയാണ് ഉപദ്രവിച്ചത്.

പിന്‍ഭാഗത്ത് ഗുരുതര പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉമേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പ്രതിയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതായി അര്‍വി പൊലീസ് അറിയിച്ചു.

ആര്‍വി നഗരത്തിലെ ജന്‍ത നഗറിലാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടി ക്ഷേത്ര പരിസരത്തേക്ക് പ്രവേശിച്ചു. ഇതുകണ്ട പ്രതി കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരാതി നല്‍കിയതിനെ തുടര്‍ന്ന് മേല്‍ജാതിക്കാരില്‍നിന്ന് ഭീഷണിയുണ്ടെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. പൊലീസില്‍ പരാതിപ്പെട്ടതിന് ശേഷം കുടുംബം വീട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. ക്ഷേത്രത്തില്‍ പ്രവേശിച്ചതിനല്ല, മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് കുട്ടി ഉപദ്രവിക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

Top