ദളിതര്‍ക്കെതിരായ അക്രമം: സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഗുജറാത്തും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദളിതര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഗുജറാത്തും.

ഉന ദളിത് അക്രമങ്ങള്‍ മുതല്‍ മീശ പിരിച്ചതിനു ദളിതര്‍ നേരിട്ട അക്രമങ്ങള്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഗുജറാത്തും പട്ടികയില്‍ ഇടംപിടിക്കുന്നത്.

ദളിതര്‍ക്കെതിരായ അക്രമങ്ങളുടെ കണക്കില്‍ യോഗിയുടെ ഉത്തര്‍പ്രദേശാണു മുന്നിട്ടുനില്‍ക്കുന്നത്. ബിഹാര്‍(5701), രാജസ്ഥാന്‍(5134), മധ്യപ്രദേശ്(5123), ആന്ധ്ര പ്രദേശ്(2343) സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഗുജറാത്ത് അഞ്ചാം സ്ഥാനത്തുനില്‍ക്കുന്നു.

2016-ല്‍ ദളിതര്‍ക്കെതിരേ 1321 അക്രമ കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് രാജ്യസഭയില്‍ സബ്മിഷനു മറുപടിയായി അറിയിച്ചു. 2015-ല്‍ 1009 കേസുകളായിരുന്നതാണ് തൊട്ടടുത്ത വര്‍ഷം ഈ നിലയിലേക്കു വളര്‍ന്നിട്ടുള്ളത്.

ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗക്കാര്‍ക്കെതിരായ അക്രമങ്ങളുടെ ദേശീയ ശരാശരി 20.4 ശതമാനമായിരിക്കുമ്പോള്‍ ഗുജറാത്തില്‍ ഇത് 32.5 ശതമാനമാണ്. ഈ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശരാശരി 27.3 ശതമാനമാകുമ്പോള്‍ ഗുജറാത്തില്‍ ഇത് 4.7 ശതാമാനം മാത്രമാണെന്നുള്ളതാണു വസ്തുത.

ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ ഏറ്റവും കുറവ് നടക്കുന്ന സംസ്ഥാനമാണു ഗുജറാത്തെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞമാസം ഗുജറാത്തില്‍ നടന്ന റാലിയില്‍ അവകാശപ്പെട്ടിരുന്നു. ഇതിനു നേര്‍വിപരീതമാണു പുറത്തുവരുന്ന കണക്കുകള്‍.

Top