രാജ്യത്തെ വിചാരണത്തടവുകാരില്‍ കൂടുതലും പിന്നോക്കവിഭാഗമെന്ന് പഠന റിപ്പോര്‍ട്ട്

രാജ്യത്തെ വിചാരണത്തടവുകാരില്‍ ഏറിയ പങ്കും ദളിതരോ ആദിവാസികളോ ആണെന്ന് പഠനറിപ്പോര്‍ട്ട്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഇത്തരത്തില്‍ ജയിലുകളില്‍ കഴിയുന്ന പിന്നോക്കവിഭാഗക്കാരുടെ എണ്ണം വളരെക്കൂടുതലാണ്.

ഇന്ത്യയുടെ ജനസംഖ്യയില്‍ 24 ശതമാനമാണ് എസ്.സി, എസ്.ടി വിഭാഗങ്ങളുള്ളത്. എന്നാല്‍, ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരില്‍ ഇവരുടെ പ്രാതിനിധ്യം 34 ശതമാനമാണ്.

ക്രിമിനല്‍ ജസ്റ്റിസ് ഇന്‍ ദ ഷാഡോ ഓഫ് കാസ്റ്റ് എന്ന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ ദളിത് മൂവ്മെന്റ ്ഫോര്‍ ജസ്റ്റിസ് ആന്റ് ദ നാഷണല്‍ സെന്റര്‍ ഫോര്‍ ദളിത് ഹ്യൂമന്‍ റൈറ്റ്സ് ആണ് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ സഹകരണത്തോടെയായിരുന്നു പഠനം.

പിന്നാക്കവിഭാഗങ്ങളിലുള്ളവര്‍ ജയിലുകളില്‍ കഴിയുന്ന കാര്യത്തില്‍ മുന്‍പന്തിയിലുള്ളത് അസം, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ്. തമിഴ്നാട്ടില്‍ ആകെ പിന്നോക്കജനസംഖ്യയും ജയിലുകളില്‍ കഴിയുന്ന പിന്നാക്കക്കാരുടെ എണ്ണവും തമ്മിലുള്ള അന്തരം 17 ശതമാനമാണ്. ജനസംഖ്യയുടെ 21 ശതമാനമാണ് ഇവിടെ പിന്നോക്കക്കാരുള്ളത്. ജയിലുകളില്‍ വിചാരണകാത്ത് കഴിയുന്ന പിന്നോക്കക്കാരാവട്ടെ ആകെ തടവുകാരുടെ 38 ശതമാനവും.

പോലീസും അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് ദളിതരെയും ആദിവാസികളെയും മനപ്പൂര്‍വ്വം കേസുകളില്‍ കുടുക്കുന്നതായും അവരുടെ വിചാരണ വൈകിപ്പിക്കുന്നതായുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ആദിവാസി, ദളിത് വിഭാഗങ്ങളില്‍ പെട്ടവര്‍ തങ്ങള്‍ക്കെതിരായ ഏതെങ്കിലും അതിക്രമത്തെക്കുറിച്ച് പരാതി നല്‍കിയാല്‍ അത് അവര്‍ക്കെതിരായി മാറ്റാന്‍ പോലീസ് ശ്രമിക്കാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

2015ലെ എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇന്ത്യയിലെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവരില്‍ 55 ശതമാനവും ആദിവാസി, ദളിത്, മുസ്ലീം വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് എന്നായിരുന്നു. അതാത് വിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി നോക്കുമ്പോള്‍ ഇത് വലിയ അളവാണ്. 2011 ലെ സെന്‍സസ് പ്രകാരം ആകെ ജനസംഖ്യയുടെ 39 ശതമാനം മാത്രമാണ് മൂന്ന് വിഭാഗങ്ങളും കൂടുമ്പോള്‍ ഉള്ളത്.

ഇന്ത്യയില്‍ വധശിക്ഷയ്ക്ക ്വിധിക്കപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും പിന്നോക്കവിഭാഗക്കാരാണെന്നും ക്രിമിനല്‍ ജസ്റ്റിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ലെ കണക്ക് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 279 പേരില്‍ 127 പേര്‍, അതായത് 34 ശതമാനം പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ 24 ശതമാനം മാത്രമാണ് പൊതുവിഭാഗത്തില്‍ നിന്നുള്ളവര്‍.

ഗുജറാത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്ലീംവിഭാഗത്തില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 19ല്‍ 15 പേരും മുസ്ലീങ്ങളായിരുന്നു.

കേസുകളില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാകാന്‍ വൈകുന്നതാണ് വിചാരണ വൈകുന്നതിന് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതിയാക്കപ്പെടുന്ന പിന്നാക്കക്കാരന്‍ യഥാര്‍ത്ഥത്തില്‍ പ്രതിയാണോ അല്ലയോ എന്ന് തെളിഞ്ഞ് വരുമ്പോഴേക്കും കാലങ്ങള്‍ ഒരുപാട് കഴിയുമെന്നും ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ ഭാഗമായിത്തന്നെ ഇത്തരം പ്രതിയാക്കലുകളെ കാണണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top