കേരളത്തിലെ മഴക്കെടുതി; സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിക്ക് ദലൈലാമയുടെ കത്ത്

ടിബറ്റ്: സംസ്ഥാനത്തെ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നിരവധിപേര്‍ മരിക്കാനിടയായതില്‍ ദു:ഖം രേഖപ്പെടുത്തി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന്റെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവും ലാമ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

‘നിങ്ങള്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും നാശനഷ്ടം ബാധിച്ച എല്ലാവര്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. കേരളത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് ഒരു തുക സംഭാവനയായി ഞാന്‍ വാഗ്ദാനം ചെയ്യുന്നു” – കത്തില്‍ ലാമ പറഞ്ഞു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 28 പേരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം കനത്ത നാശനഷ്ടമാണ് സംഭവിച്ചത്.

Top