ദൾ – ബിജെപി സഖ്യം: പിണറായി പൂർണ സമ്മതം അറിയിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ദേവെഗൗഡ

ബെംഗളൂരു : ബിജെപിയുമായി മുന്നോട്ടുപോകാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് ദേവെഗൗഡ അവകാശപ്പെട്ടു. ഇടതു സർക്കാരിൽ മന്ത്രിയായ കെ.കൃഷ്ണൻകുട്ടിയും തീരുമാനത്തിന് അനുകൂലമാണ്. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാന ഘടകങ്ങളുടെ അനുമതിയുണ്ടെന്നും പറഞ്ഞു. എന്നാൽ, ബിജെപി സഖ്യത്തിനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ദൾ കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കൃഷ്ണൻകുട്ടിയും ഈ മാസമാദ്യം ബെംഗളൂരുവിലെത്തി ദേവെഗൗഡയെ അറിയിച്ചിരുന്നു.

അതേസമയം, ബിജെപി സഖ്യത്തെ എതിർത്ത് കലാപക്കൊടി ഉയർത്തിയ സി.എം.ഇബ്രാഹിമിനെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് ജനതാദൾ (എസ്) പുറത്താക്കി. താൽക്കാലിക പ്രസിഡന്റായി നിയമസഭാ കക്ഷി നേതാവ് കുമാര സ്വാമിയെ നിയോഗിച്ചു. ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര നിർവാഹകസമിതി പാർട്ടി സംസ്ഥാന സമിതിയും പിരിച്ചുവിട്ടു.

തനിക്കൊപ്പമുള്ളവരാണ് യഥാർഥ ദൾ എന്ന് അനുയായികളുടെ യോഗത്തിൽ ഇബ്രാഹിം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. പാർട്ടി എംഎൽഎമാർ, എംഎൽസിമാർ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ നിർവാഹക സമിതിയിൽ പങ്കെടുത്തതായി ദേവെഗൗഡ അവകാശപ്പെട്ടു.

എന്നാൽ, സംസ്ഥാന സമിതി പിരിച്ചുവിട്ട നടപടിയെ നിയമപരമായി നേരിടുമെന്ന് ഇബ്രാഹിം പറഞ്ഞു. ദേവെഗൗഡയുടെ കുടുംബാധിപത്യം ഒരിക്കൽ കൂടി തെളിഞ്ഞെന്നു പറഞ്ഞ അദ്ദേഹം, സഖ്യത്തിനെതിരെ പ്രമേയം പാസാക്കിയ കേരള, തമിഴ്നാട് ഘടകങ്ങളെ എന്തു ചെയ്യുമെന്നും ചോദിച്ചു.

Top