ദാദാ സാഹെബ് ഫാല്‍ക്കെയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന് ചെറുമകന്‍ ചന്ദ്രശേഖര്‍ പുസല്‍കര്‍

പനജി: ദാദാ സാഹെബ് ഫാല്‍ക്കെയ്ക്ക് ഭാരതരത്‌നം നല്‍കണമെന്നും അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി ബയോപിക് ഇറക്കണമെന്നും ഫാല്‍ക്കെയുടെ ചെറുമകന്‍ ചന്ദ്രശേഖര്‍ പുസല്‍കര്‍. ഫാല്‍ക്കെയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ സംഘടിപ്പച്ച് പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ തന്റെ മുത്തശ്ശന്റെ കലയും ജീവിതവും രണ്ടു പേജില്‍ ഒടുങ്ങിപ്പോവുമായിരുന്നുവെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

“സിനിമയില്‍ സെലിബ്രിറ്റികള്‍ വരികയും പോവുകയും ചെയ്യും. എന്നാല്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവിടെ തന്നെയുണ്ടാകും. ഇന്ത്യന്‍ സിനിമയുള്ളേടത്തോളം കാലം അദ്ദേഹം ഓര്‍മിക്കപ്പെടും. ചലച്ചിത്രമേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാമ്പയിന്‍ തുടങ്ങി വച്ചത് അദ്ദേഹമാണ്. ഇന്ത്യന്‍ സിനിമയുടെ വഴികാട്ടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കയ്യില്‍ പണമില്ലായിരുന്നു. എന്റെ മുത്തശ്ശിയുടെ ആഭരങ്ങളും മറ്റും വിട്ടാണ് അദ്ദേഹം സിനിമ ചെയ്യാന്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ സ്വപ്‌നത്തിന് പിന്തുണയുമായി മുത്തശ്ശി കൂടെ നിന്നു.

മുത്തച്ഛന്റെ എല്ലാ സിനിമകളിലും മുത്തശ്ശി ഭാഗമായിരുന്നു. സിനിമ എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് മുത്തശ്ശിയെ മുത്തച്ഛന്‍ പഠിപ്പിച്ചു. ദാദാ സാഹേബ് ഫാല്‍ക്കെയുടെ പേരിനൊപ്പം തന്നെ സരസ്വതി ഭായി ഫാല്‍ക്കെയെയും അനുസ്മരിക്കണം.അദ്ദേഹം പണമുണ്ടാക്കാനല്ല സിനിമ ചെയ്തത്. അതിനോടുള്ള അടങ്ങാനാകാത്ത അഭിനിവേശം കൊണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയിലെ എല്ലാ തലമുറയ്ക്കും അദ്ദേഹം പ്രചോദനമായിരുന്നു. എന്തെങ്കിലും പഠിക്കണമെന്നുണ്ടെങ്കില്‍ പഠിക്കാന്‍ പ്രായം തടസ്സമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. എല്ലാവരും അദ്ദേഹത്തില്‍ നിന്ന് പഠിക്കേണ്ട ഏറ്റവും വലിയ പാഠം അതാണ്” ചന്ദ്രശേഖര്‍ പുസല്‍ക്കര്‍ പറഞ്ഞു.

Top