ഡി.കെയുടെ അറസ്റ്റില്‍ തിളച്ച് മറിഞ്ഞ് കര്‍ണ്ണാടക രാഷ്ട്രീയം, വെട്ടിലായി ബി.ജെ.പി

റസ്റ്റിലും താരമായി മാറിയിരിക്കുകയാണിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരായ ഡി.കെയെ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്റ്റു ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞെങ്കിലും കര്‍ണാടകയില്‍ ഇത് ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ പ്രബല സമുദായമായ വൊക്കലിംഗ സമുദായം ഡി.കെയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. ഭരണം നഷ്ടപ്പെട്ട് തകര്‍ച്ചയിലായ കോണ്‍ഗ്രസ്, കര്‍ണാടകയില്‍ ഡി.കെ.യുടെ അറസ്റ്റോടെ ശക്തമായ ഉയര്‍ത്തെഴുനേല്‍പ്പാണ് നടത്തിയിരിക്കുന്നത്.

ജെ.ഡി.എസിനെയാണ് വൊക്കലിംഗ സമുദായം ഇതുവരെ പിന്തുണച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ കരുത്ത് വൊക്കലിംഗ സമുദായത്തിന്റെ പിന്തുണയായിരുന്നു. ഇപ്പോള്‍ ഡി.കെ.ശിവകുമാറിനു വേണ്ടി വൊക്കലിംഗ സമുദായം തെരുവിലിറങ്ങുന്നത് കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്കാണ് പുതുജീവന്‍ പകരുന്നത്. ‘എന്നെ അറസ്റ്റു ചെയ്യുകയെന്ന മിഷന്‍ ഒടുവില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് ബി.ജെ.പി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്നാണ്’ ബി.ജെ.പിയെ പരിഹസിച്ച് ഡി.കെ.ശിവകുമാര്‍ ഒടുവില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രതിഷേധം വൊക്കലിംഗ സമുദായംകൂടി ഏറ്റെടുത്തതോടെ കര്‍ണാടകയില്‍ പലയിടത്തും ബന്ദിന് സമാനമായ അവസ്ഥയാണുണ്ടായിരിക്കുന്നത്. രാഷ്ട്രീയ കുതിരകച്ചവടത്തിലൂടെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം തകര്‍ത്ത് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് ഭരണം പിടിക്കാനായെങ്കിലും മന്ത്രിസഭ പുനസംഘടന ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല.

കാലുമാറിയെത്തിയ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന വാഗ്ദാനവും ഇവിടെ നിറവേറ്റപ്പെട്ടിട്ടില്ല. പ്രതിസന്ധി രൂക്ഷമായാല്‍ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഡി.കെ.ശിവകുമാറിന്റെ അറസ്റ്റോടെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണിപ്പോള്‍. കേന്ദ്രം രാഷ്ട്രീയപകപോക്കുന്നുവെന്ന പ്രചരണമാണ് കര്‍ണാടകയില്‍ വ്യാപകമായിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവലം ഒറ്റ സീറ്റില്‍ മാത്രമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിജയിക്കാനായിരുന്നത്, അതും ഡി.കെ.ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ.സുരേഷ് തന്നെയായിരുന്നു. ബാംഗ്ലൂര്‍ റൂറലില്‍ നിന്നും രണ്ടുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സുരേഷ് വിജയിച്ചിരുന്നത്.

കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചത് ഡി.കെ.ശിവകുമാറായിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ ജെ.ഡി.എസ് സഖ്യം കോണ്‍ഗ്രസിന് നഷ്ടക്കച്ചവടമാകുമെന്ന മുന്നറിയിപ്പാണ് ലോക്‌സഭാ ഫലം നല്‍കിയിരിക്കുന്നത്. 28 ലോക്‌സഭാ മണ്ഡലങ്ങളില്‍ കേവലം രണ്ടു സീറ്റുകള്‍മാത്രമാണ് സഖ്യത്തിനു ലഭിച്ചത്. ബാക്കി 26 സീറ്റും ബി.ജെ.പിയാണ് തൂത്തുവാരിയിരുന്നത്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അടക്കമുള്ള പ്രമുഖരെല്ലാം ദയനീയമായാണ് കന്നട മണ്ണില്‍ അടിതെറ്റിവീണത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഡി.കെ.ശിവകുമാറിനെ തഴഞ്ഞിരുന്നു. പക്ഷേ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് വിജയിച്ച ഏക സീറ്റ് ഡി.കെയുടെ സഹോദരന്റേതായത് കെ.സിക്കും പ്രഹരമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തപ്പെട്ട ഡി.കെ.ശിവകുമാര്‍ നേതൃത്വമേറ്റെടുത്തപ്പോള്‍ കര്‍ണാടകയിലെ അര്‍ബന്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചിരുന്നത്.

ബി.ജെ.പിയെ കെട്ടുകെട്ടിക്കുന്ന രീതിയിലുള്ള മുന്നേറ്റമാണ് കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ചപ്പോള്‍ നടത്തിയിരുന്നത്. സഖ്യമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തനിച്ചു മത്സരിച്ചപ്പോള്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലെ 21 ജില്ലകളിലായി സിറ്റി, മുനിസിപ്പല്‍ കൗണ്‍സിലിലെ 1221 വാര്‍ഡുകളിലേക്കും, ടൗണ്‍-മുനിസിപ്പല്‍ കൗണ്‍സിലേക്കും, 22 ടൗണ്‍ പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതില്‍ 11 ജില്ലകളിലും കോണ്‍ഗ്രസ് തനിച്ച് വിജയിച്ചു. നാലു ജില്ലകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായിരുന്നത്.

128 വാര്‍ഡുള്ള ഏറ്റവും വലിയ മുനിസിപ്പാലിറ്റിയില്‍ 75 സീറ്റുകളും കോണ്‍ഗ്രസ് നേടി. ബി.ജെ.പിക്ക് ഇവിടെ 31 സീറ്റുകളേ നേടാനായുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും വിഭിന്നമായി ഡി.കെ.ശിവകുമാറായിരുന്നു ഇവിടെ കോണ്‍ഗ്രസിന്റെ അവസാന വാക്ക്. പാര്‍ട്ടിക്കകത്തും വലിയ സ്വീകാര്യത നേടാന്‍ ലോക്കല്‍ബോഡി തെരഞ്ഞെടുപ്പ് ഡി.കെയ്ക്ക് ഏറെ സഹായകരമായിട്ടുണ്ട്.

കോണ്‍ഗ്രസിസിനെ പല പ്രതിസന്ധികളിലും രക്ഷിച്ച ക്രൈസിസ് മാനേജരെന്ന പ്രതിഛായയും ജനപിന്തുണയും ഒരുപോലെ ലഭിച്ച നേതാവാണ് ഡി.കെ ശിവകുമാര്‍. മുന്‍പ് മഹാരാഷ്ട്രയില്‍ വിലാസ്‌റാവു ദേശ്മുഖിനെ മുഖ്യമന്ത്രിസ്ഥാനത്തു നിലനിര്‍ത്താന്‍ വഴിയൊരുക്കിയത് ഡി.കെയുടെ ഇടപെടല്‍ മൂലമായിരുന്നു. മോദിയുടെയും അമിത്ഷായുടെയും തന്ത്രങ്ങളെ തോല്‍പ്പിച്ച് ആഹമ്മദ് പട്ടേലിനെ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്കു പറഞ്ഞയച്ചതും അദ്ദേഹത്തിന്റെ തന്ത്രങ്ങളൊന്നുകൊണ്ടുമാത്രമായിരുന്നു. ഈ സംഭവത്തോടെയാണ് ഡി.കെ ഹൈക്കമാന്റിന്റെയും വിശ്വസ്തനായത്. ഇന്‍കംടാക്‌സ് വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രം 60 തവണ റെയ്ഡ് ചെയ്ത് വേട്ടയാടിയിട്ടും ഒടുവില്‍ അറസ്റ്റ് ചെയ്തിട്ട്പോലും പത്തിമടക്കാത്ത കോണ്‍ഗ്രസ് പോരാളിയാണിപ്പോഴും ഡി.കെ.

കര്‍ണാടക രാഷ്ട്രീയത്തില്‍ വളര്‍ന്നു പന്തലിച്ച് പ്രധാനമന്ത്രിവരെയായ എച്ച്.ഡി.ദേവഗൗഡയെ കന്നി മത്സരത്തില്‍ തോല്‍പിച്ചാണ് ഡി.കെ.ശിവകുമാര്‍ എന്ന രാഷ്ട്രീയ നേതാവ് കോണ്‍ഗ്രസിലെ താരമായത്. 29-ാം വയസില്‍ ദേവഗൗഡയെ തോല്‍പ്പിച്ച യുവതുര്‍ക്കിക്ക് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബംഗാരപ്പ മന്ത്രി സ്ഥാനവും നല്‍കി. വൊക്കലിംഗ സമുദായക്കാരനായ ഡി.കെ.ശിവകുമാര്‍ എന്നും ഗൗഡക്കെതിരായിരുന്നു. എസ്.എം.കൃഷ്ണ മുഖ്യമന്ത്രിയായപ്പോഴും സിദ്ദാരാമയ്യ മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹത്തിന് മന്ത്രി സ്ഥാനങ്ങളും ലഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനകപുര മണ്ഡലത്തില്‍ നിന്നും 49,660 വോട്ടുകള്‍ക്കാണ് ഡി.കെ വിജയിച്ചത്.

2002-ല്‍ കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ് അവിശ്വാസം നേരിട്ടപ്പോള്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ പ്രശ്‌നപരിഹാരത്തിന് വിട്ടു നല്‍കിയത് ചുറുചുറുക്കുള്ള നഗരവികസനമന്ത്രി ഡി.കെ.ശിവകുമാറിനെയായിരുന്നു. ബി.ജെ.പിയും ശിവസേനയും റാഞ്ചാതെ കോണ്‍ഗ്രസ് അനുകൂല എം.എല്‍.എമ്മാരെ ബാംഗ്ലൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചത് ഡി.കെയായിരുന്നു. അവിശ്വാസപ്രമേയദിവസം എം.എല്‍.എമാര്‍ക്കൊപ്പം സ്വയം കാറോടിച്ചാണ് ഡി.കെ.ശിവകുമാര്‍ മുംബൈയിലേക്ക് പോയിരുന്നത്.

വില്‌സാറാവു ദേശ്മുഖിന്റെ മന്ത്രിസഭ നിലനിര്‍ത്തിയ ഡി.കെ.ശിവകുമാറിന്റെ തന്ത്രങ്ങള്‍ അന്ന് ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. 251 കോടി ആസ്തിയുള്ള ബിസിനസുകാരനായ ഡി.കെ അന്നു മുതല്‍ പ്രതിസന്ധികളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വിശ്വസ്ഥനായ ക്രൈസിസ് മാനേജറാണ്.

സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ്പട്ടേലിനെ ഗുജറാത്തില്‍ നിന്നും രാജ്യസഭാംഗമാക്കാതിരിക്കാനുള്ള മോദിയുടെയും അമിത്ഷായുടെയും തന്ത്രങ്ങള്‍ പൊളിച്ചതും ഡി.കെയാണ്. ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയാണ് അവരെ ചാക്കിട്ടുപിടിക്കാനുള്ള മോദി, അമിത്ഷാ തന്ത്രം ഡി.കെ പൊളിച്ചത്.

അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ചതോടെ ഡി.കെ.ശിവകുമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും പ്രിയങ്കരനായി. അതോടൊപ്പം മോദിയുടെയും അമിത്ഷായുടെയും കണ്ണിലെ കരടും. ചിദംബരത്തിനു പിന്നാലെ ഡി.കെ.ശിവകുമാറിന്റെ അറസ്റ്റുമുണ്ടായതോടെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയായിരിക്കുകയാണിപ്പോള്‍ ഡി.കെ.ശിവകുമാര്‍. ഡി.കെയുടെ അറസ്റ്റോടെ രൂക്ഷമായ പ്രതികരണവുമായി മൗനം വെടിഞ്ഞ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ആവോശം നല്‍കുന്ന പ്രതികരണമാണിത്. അപ്രതീക്ഷിതമായ അറസ്റ്റോടെ കര്‍ണാടകയില്‍ ഡി.കെ.ശിവകുമാറിന്റെ ജനപിന്തുണയും സ്വീകാര്യതയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് ബി.ജെ.പി നേതൃത്വത്തെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ്സ് ഒറ്റക്ക് ഭരണം പിടിക്കുമെന്ന ഭയം ബി.ജെ.പിക്കുണ്ട്. ഡി.കെയുടെ അറസ്റ്റില്‍ താന്‍ സന്തോഷിക്കുന്നില്ലെന്ന മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രതികരണത്തില്‍ തന്നെ ഈ ആശങ്ക വ്യക്തമാണ്. ചിദംബരത്തെ അറസ്റ്റ് ചെയ്തത് പോലെയല്ല ഡി.കെയുടെ അറസ്റ്റിനുള്ള പ്രതികരണമെന്ന് കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

ഒറ്റ അറസ്റ്റോടെ മാസ് ഹീറോയായി മാറിയ ഡി.കെ.ശിവകുമാര്‍ ഇനി കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

Political Reporter

Top