താമരത്തണ്ടറുത്ത് സിദ്ധാരമയ്യ; ബെല്ലാരി ബ്രദേഴ്‌സിന്റെ സാമ്രാജ്യം തകര്‍ത്ത് ഡി.കെ തന്ത്രങ്ങള്‍

ബംഗളുരു: പണക്കൊഴുപ്പില്‍ ബി.ജെ.പിക്ക് ഭരണം സമ്മാനിച്ചിരുന്ന ബെല്ലാരി ബ്രദേഴ്സിന്റെ സാമ്ര്യാജ്യം തകര്‍ത്ത് കോണ്‍ഗ്രസിന് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നീലു സീറ്റിന്റെ മിന്നുന്ന വിജയം സമ്മാനിച്ചത് സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും നയിച്ച രാഷ്ട്രീയ ചാണക്യ നീക്കം.

2004 മുതല്‍ ബി.ജെ.പി വിജയിച്ചിരുന്ന ബെല്ലാരി ലോക്സഭാ സീറ്റിലാണ് രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തിനു പുറത്തു നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉഗ്രന്‍ തകര്‍പ്പന്‍ വിജയം നേടിയത്. റെഡ്ഡി സഹോദരന്‍മാരുടെ വലംകൈയ്യായ ബി. ശ്രീരാമുലു കഴിഞ്ഞ തവണ 85144 വോട്ടിനു വിജയിച്ച മണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ സഹോദരി ജെ. ശാന്തക്ക് ദയനീയ പരാജയം നേരിടേണ്ടി വന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലോക്സഭാ അംഗത്വം രാജിവെച്ച ശ്രീരാമുലു സിദ്ധരാമയ്യയോട് പരാജയപ്പെട്ടിരുന്നു. അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ബെല്ലാരി മണ്ഡലത്തിലെ കനത്ത പരാജയം.

മൂന്നു ലോക്സഭാ സീറ്റിലേക്കും രണ്ട് നിയമസഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ ശിവമൊഗ സീറ്റില്‍ മുന്‍ ബി.ജെ.പി മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്രയുടെ വിജയം മാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാനുള്ളത്. രണ്ട് ലോക്സഭാ സീറ്റും രണ്ട് നിയമസഭാ സീറ്റും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം സ്വന്തമാക്കി.

കര്‍ണാടകയില്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി താമരവിരിയിച്ച ഖനി മാഫിയ തലവന്‍മാരെ ജയിലിലടക്കാന്‍ ധൈര്യം കാട്ടിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ആയിരുന്നു. ബെല്ലാരിയില്‍ സിദ്ധാരാമയ്യയെ കാലുകുത്താന്‍ അനുവദിക്കില്ലെന്നു വെല്ലുവിളിച്ച ബെല്ലാരി ബ്രദേഴ്സിനോട് ബെല്ലാരിയില്‍ മത്സരിച്ച് റെഡ്ഡി സഹോദരങ്ങളുടെ വലംകൈയ്യായിരുന്ന ശ്രീരാമുലുവിനെ പരാജയപ്പെടുത്തിയാണ് സിദ്ധരാമയ്യ തിരിച്ചടിച്ചത്. ബെല്ലാരിയിലെ എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ സിദ്ധാരാമയ്യക്കായി. ബെല്ലാരി ഖനി മാഫിയജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് പരാജയപ്പെട്ടത്.

ബെല്ലാരി കേന്ദ്രീകരിച്ചുള്ള ഇരുമ്പയിര്‍ കൊള്ളക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയും സഹോദരങ്ങളും ഉള്‍കൊള്ളുന്ന ബെല്ലാരി ബ്രദേഴ്സ്. റെഡ്ഡി സഹോദരങ്ങളുടെ പണക്കൊഴുപ്പിലാണ് കര്‍ണാടകയില്‍ ബി.ജെ.പി ഭരണം പിടിച്ചതെന്ന ആക്ഷേപവും ശക്തമായിരുന്നു. യെദ്യൂരപ്പ സര്‍ക്കാറില്‍ ജനാര്‍ദ്ദന റെഡ്ഡി മന്ത്രിയാവുക കൂടി ചെയ്തതോടെ ഖനിമാഫിയ ഇടപെടല്‍ കൂടുതല്‍ ശക്തമായി. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാറിനെയും റെഡ്ഡി സഹോദരങ്ങളെയും ഒരേപോലെ വെട്ടിലാക്കി. ബെല്ലാരിയില്‍ നിന്നുള്ള അനധികൃത ഇരുമ്പയിര്‍ കടത്തുമായി ബന്ധപ്പെട്ട് 35,000 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നത്.

ലോകായുക്ത സന്തോഷ് ഹെഗ്ഡെ നടത്തിയ അന്വേഷണത്തില്‍ ബെല്ലാരി സഹോദരങ്ങളുടെ അഴിമതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വന്നു. ലോകായുക്ത റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ജനാര്‍ദ്ദന റെഡ്ഢി ഉള്‍പ്പെടെയുള്ളവരും ജയിലിലായി. ഇതോടെ ബെല്ലാരി സഹോദരങ്ങള്‍ സിദ്ധരാമയ്യക്കെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തി. ബെല്ലാരിയില്‍ കടക്കാന്‍ സിദ്ധാരാമയ്യയെ വെല്ലുവിളിച്ച ജനാര്‍ദ്ദന റെഡ്ഡി, വധഭീഷണി വരെ മുഴക്കുകയും ചെയ്തു. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കൂട്ടി 350 കിലോമീറ്റര്‍ ബെല്ലാരിയിലേക്ക് പദയാത്ര നടത്തിയാണ് സിദ്ധാരാമയ്യ ഈ വെല്ലുവിളിക്ക് മറുപടി നല്‍കിയത്.

2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്തോടെ നാലു വര്‍ഷം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞ ജനാര്‍ദ്ദന റെഡ്ഡി ഇടക്ക് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും സിദ്ധാരാമയ്യ സര്‍ക്കാര്‍ പുതിയ കേസുകളില്‍ വീണ്ടും അകത്താക്കി. ഇതോടെ സിദ്ധാരാമയ്യയോടുള്ള ശത്രുത റെഡ്ഡി സഹോദരങ്ങളില്‍ വര്‍ധിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഏറ്റുമുട്ടുന്നത് താനും സിദ്ധരാമയ്യയും നേരിട്ടായിരിക്കുമെന്ന് ജനാര്‍ദ്ദന റെഡ്ഡി ഒരു ഘട്ടത്തില്‍ പരസ്യ വെല്ലുവിളി മുഴക്കുകയും ചെയ്തു.

ബെല്ലാരിയിലെ പരാജയത്തിന് പകരം വീട്ടാന്‍ റെഡി സഹോദരന്‍ അരയും തലയും മുറുക്കി രംഗത്തെത്തിയപ്പോള്‍ യെദ്യൂരപ്പക്കു കരുത്തായി തന്ത്രങ്ങളുമായി ഒപ്പമുണ്ടായത് കര്‍ണാടകയില്‍ ബി.ജെ.പി വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനു രൂപം നല്‍കാനുള്ള അടവുകള്‍ മെനഞ്ഞ മന്ത്രി ഡി.കെ ശിവകുമാറായിരുന്നു. ബെല്ലാരി സഹോദരന്‍മാരുടെ പണക്കൊഴുപ്പിനു മുന്നില്‍ 251 കോടി ആസ്തിയുള്ള ബിസിനസുകാരനായ ഡി.കെ ശിവകുമാര്‍, സിദ്ധാരാമയ്യക്ക് കരുത്തായി ഒപ്പം നിന്നു. കര്‍ണാടകയില്‍ ശക്തമായി തിരിച്ചുവരാമെന്ന ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകളെയാണ് ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ സിദ്ധാരാമയ്യയും ഡി.കെ ശിവകുമാറും തല്ലിക്കെടുത്തിയത്.

Top