ശിവകുമാറിന്റെ അറസ്റ്റ് സന്തോഷിപ്പിക്കുന്നില്ല; പ്രതികരണവുമായി യെദ്യൂരപ്പ

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. അറസ്റ്റ് തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നാണ് ശിവകുമാര്‍ പറഞ്ഞത്.

ശിവകുമാര്‍ എത്രയും പെട്ടെന്ന് പുറത്തു വരാന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

താന്‍ ജീവിതത്തില്‍ ആരെയും വെറുത്തിട്ടില്ല. ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. നിയമം നിയമത്തിന്റെ വഴി സ്വീകരിക്കും, യെദ്യൂരപ്പ വ്യക്തമാക്കി. ശിവകുമാര്‍ പുറത്തിറങ്ങിയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡി.കെയെ ചോദ്യം ചെയ്തുവരികയായിരുന്നു.

കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രധാന സൂത്രധാരന്‍മാരില്‍ ഒരാളായ ഡി.കെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകള്‍ക്കിടെയാണ് അറസ്റ്റിലാവുന്നത്.

2017 ആഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Top