ഡി സിനിമാസ് ഭൂമി കൈയേറ്റ കേസ് ; റിപ്പോര്‍ട്ട് തയ്യാറാക്കാതെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

d cinemas

തൃശ്ശൂര്‍: ചാലക്കുടി ഡി സിനിമാസ് ഭൂമി കൈയേറ്റ കേസില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാതെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇതിനോടകം നാല് കത്തുകള്‍ ജില്ലാ കളക്ടര്‍ക്ക് സര്‍വേ ഡയറക്ടര്‍ നല്‍കിയിരുന്നു. കൈയേറ്റ വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷമായി. നിലവിലെ രേഖകള്‍ പ്രകാരം കേസ് ദിലീപിന് അനുകൂലമാണ്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന ആരോപണവും പുറത്തുവന്നത്. തുടര്‍ന്ന് വിജിലന്‍സ് സംഘം പ്രാഥമിക അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. ഡി സിനിമാസ് ഭൂമി കയ്യേറിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപിന് അനുകൂലമായിരുന്നു വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ തൃശൂര്‍ വിജിലന്‍സ് കോടതി, കേസില്‍ എത്രയും പെട്ടെന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശം നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും വിജിലന്‍സ് സംഘം കേസ് രജിസ്റ്റര്‍ ചെയ്തില്ല. ഇതിനെതിരെ വിജിലന്‍സ് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

ദിലീപിന്റെ ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം കൈയേറ്റ ഭൂമിയിലാണെന്ന പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫിന്റെ പരാതിയിലാണ് വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നത്. ഡി സിനിമാസ് ഉടമ ദിലീപിന് പുറമേ, മുന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എംഎസ് ജയയെയും എതിര്‍കക്ഷിയാക്കിയാണ് പിഡി ജോസഫ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. അതേസമയം, ഡി സിനിമാസ് സര്‍ക്കാരിന്റെ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കയ്യേറിയിട്ടില്ലെന്നും, അനധികൃത നിര്‍മ്മാണം നടത്തിയിട്ടില്ലെന്നും വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളാണ് കോടതി തള്ളിയ അന്വേഷണ റിപ്പോര്‍ട്ടിലും ഉള്‍ക്കൊള്ളിച്ചിരുന്നത്.

Top