യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ ജനിച്ച കാണ്ടാമൃഗത്തിന് പേര് ‘കീവ്’

ചെക്കിലെ മൃഗശാലയില്‍ ജനിച്ച കാണ്ടാമൃത്തിന്റെ കുഞ്ഞിന് ‘കിയവ്’ എന്ന് പേരിട്ട് അധികൃതര്‍. റഷ്യ യുക്രെയ്‌നെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് നവജാത കാണ്ടാമൃഗത്തിന് യുക്രെയ്ന്‍ തലസ്ഥാനമായ കിയവിന്റെ പേര് നല്‍കിയത്.

”യുക്രേനിയന്‍ നായകന്മാര്‍ക്കുള്ള ഞങ്ങളുടെ പിന്തുണയുടെ ഭാഗമാണ് ഈ പേര്” -മൃഗശാല ഡയറക്ടര്‍ പ്രെമിസില്‍ റബാസ് പറഞ്ഞു.

മാര്‍ച്ച് നാലിനാണ് കുഞ്ഞ് കിയവ് ചെക്കിലെ ഡ്യൂവര്‍ ക്രാലോവ് മൃഗശാലയില്‍ ജനിച്ചത്. വംശനാശം നേരിടുന്ന കറുത്ത കാണ്ടാമൃഗ വര്‍ഗത്തില്‍ പെടുന്ന കിയവ് ഉള്‍പ്പെടെ ആകെ മൂന്ന് കാണ്ടാമൃഗങ്ങള്‍ മാത്രമാണ് ഒരു വര്‍ഷത്തിനിടെ ലോകത്താകമാനമുള്ള മൃഗശാലയില്‍ ജനിച്ചത്.

1971ലാണ് ഡ്യൂവര്‍ ക്രാലോവ് മൃഗശാലയിലേക്ക് ആദ്യമായി കറുത്ത വര്‍ഗത്തില്‍ പെട്ട കാണ്ടാമൃഗം എത്തുന്നത്. തുടര്‍ന്ന് ക്രാലോവ് മൃഗശാലയില്‍ 47 കാണ്ടാമൃഗങ്ങള്‍ ജനിച്ചിട്ടുണ്ട്. അവയില്‍ പലതിനെയും ലോകത്തെ വിവിധ മൃഗശാലകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം ഒമ്പത് മൃഗങ്ങളെ റുവാണ്ടയിലെയും ടാന്‍സാനിയയിലെയും കാടുകളിലേക്ക് അയക്കുകയും ചെയ്തു. നിലവില്‍ ലോകത്താകെയുള്ള മൃഗശാലകളില്‍ 800 കറുത്ത കാണ്ടാമൃഗങ്ങളാണുള്ളത്. ചെക്കില്‍ മാത്രം 14 മൃഗങ്ങളാണുള്ളത്.

Top