ചക്രവാതച്ചുഴി ഇന്ന് ശക്തിപ്രാപിക്കും; കേരളത്തില്‍ മഴ കനക്കും

തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം ശക്തമായേക്കും. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലെ മഴ ശക്തമായേക്കും.

അടുത്ത ദിവസങ്ങളില്‍ മിതമായ ഇടത്തരം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് അറിയിപ്പെങ്കിലും നവംബര്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്.

അടുത്ത ദിവസങ്ങളിലെ യെല്ലോ അലര്‍ട്ട് ഇപ്രകാരം

08-11-2023: ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
09-11-2023: ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാല്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം

കേരള തീരത്ത് 08-11-2023 ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് 08-11-2023 ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Top