‘വായു’ ഇന്ന് തീരംതൊടും; ഗുജറാത്തില്‍ 3 ലക്ഷം പേരെ ഒഴിപ്പിച്ചു, കേരളത്തിലും ജാഗ്രതാ നിര്‍ദേശം

അഹമ്മദാബാദ്: ഗുജറാത്തിനെ ഭീതിയിലാഴ്ത്തി വായു ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും. ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തില്‍ മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. 70 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വ്യോമ ഗതാഗതവും റദ്ദാക്കി.

രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 52 ടീമുകള്‍ ഗുജറാത്തിലെത്തിയിട്ടുണ്ട്. കച്ച്, മോര്‍ബി, ജാംനഗര്‍, ജൂനഗഡ്, ദേവഭൂമി-ദ്വാരക, അമ്രേലി, ഭാവ്‌നഗര്‍, ഗിര്‍-സോമനാഥ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുള്ളത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

അറബിക്കടലില്‍ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് വ്യാഴാഴ്ച ഉച്ചയോടെ ഗുജറാത്തിലെ ദ്വാരകയ്ക്കും വെരാവലിനുമിടയില്‍ കരയിലേക്കു കയറും. 180 കിലോമീറ്റര്‍ വേഗത്തില്‍ വീശാനിടയുള്ള കാറ്റ് വന്‍ നാശനഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.

കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരത്തും വ്യാഴാഴ്ച 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തം വിലക്കിയിട്ടുണ്ട്. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരമാലകള്‍ ഉയരുമെന്നു മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച രാത്രി 11.30 വരെ കാസര്‍കോട് മുതല്‍ പൊഴിയൂര്‍വരെയുള്ള തീരത്ത് തിരമാലകള്‍ രണ്ടര മുതല്‍ മൂന്നരമീറ്റര്‍വരെ ഉയരും.

കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാഴാഴ്ചയും കാലവര്‍ഷം ശക്തമായി തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Top