‘വായു’ നാളെ തീരംതൊടും; ഗുജറാത്തില്‍ മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു…

മുംബൈ: ഗുജറാത്ത് തീരത്ത് വായു ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രദേശത്ത് നിന്ന് മൂന്നുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീര സംരക്ഷണ സേന, കരസേന, നാവിക സേന എന്നിവരുടെ വലിയ സംഘം രക്ഷാപ്രവര്‍ത്തനത്തിന് നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. വായു ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്ത് കൂടിയുള്ള പശ്ചിമ റെയില്‍വേയുടെ ട്രെയിനുകള്‍ പൂര്‍ണമായോ ഭാഗികമായോ നിര്‍ത്തലാക്കി. പകരം നാമമാത്രമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്. വ്യോമ ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ചുഴലിക്കാറ്റിന് ശേഷം സംസ്ഥാനത്തെ ട്രെയിന്‍ – വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും സുരക്ഷ ശക്തമാക്കിയതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയിലാണ് ‘വായു’ നാളെ രാവിലെ തീരം തൊടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.

പോര്‍ബന്ദറിനും മഹുവയ്ക്കുമിടയില്‍ വെരാവല്‍ ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 170 മുതല്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഗുജറാത്തിന്റെ തീരമേഖലയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന മേഖലകളില്‍ താമസിക്കുന്നവരെയും തീരത്തിന് തൊട്ടടുത്ത് താമസിക്കുന്നവരെയും ഒഴിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കായി 700 ദുരിതാശ്വാസക്യാമ്പുകള്‍ തയ്യാറാക്കി കഴിഞ്ഞു.

Top