അസമിൽ നാശം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്; 83 ഗ്രാമങ്ങൾ തകർന്നു

ധാക്ക: ബംഗ്ലാദേശിന് പിന്നാലെ അസമിലും നാശം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്. അസമിലെ 83 ​ഗ്രാമങ്ങളാണ് സിട്രാങ് ചുഴലിക്കാറ്റ് മൂലം ദുരിതത്തിലായത്. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾ തകർന്നു. 325 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മതിലുകളും മരങ്ങളും തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ധാക്ക, കുമില്ലാ ദൗലത്ഖാനിലെ നാഗൽകോട്ട്, ഭോലയിലെ ചാർഫെസൺ, നാരയിലിലെ ലോഹഗര എന്നിവിടങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായതായാണ് റിപ്പോർട്ട്.

സിട്രാങ് ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ലാദേശിലെ കോക്‌സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെയും കന്നുകാലികളെയും ഒഴിപ്പിക്കുകയും ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണി വരെ കോക്‌സ് ബസാർ തീരത്ത് നിന്ന് 28,155 ആളുകളെയും 2,736 കന്നുകാലികളെയും ഒഴിപ്പിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റി. സിട്രാങ് ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നതിനാൽ 576 ഷെൽട്ടറുകൾ ഒരുക്കിയിട്ടുണ്ടെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ആവശ്യമെങ്കിൽ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്നതിന് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് കോക്‌സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ മാമുനൂർ റഷീദ് പറഞ്ഞു. സഹായത്തിന് യൂണിയൻ പരിഷത്ത് ചെയർമാനുമായോ ഉപജില്ലാ നിർഭഹി ഓഫീസറുമായോ ജില്ലാ കമ്മീഷണറുടെ ഓഫീസിലെ കൺട്രോൾ റൂമുമായോ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മെഡിക്കൽ ടീമുകൾ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണ്. അരി, ഡ്രൈ ഫുഡ്, ഡ്രൈ കേക്കുകൾ, ഡൈജസ്റ്റീവ് ബിസ്‌ക്കറ്റുകൾ എന്നിവ മുൻകരുതലായി സൂക്ഷിച്ചിട്ടുണ്ടെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ബംഗാൾ ഉൾക്കടലിനോട് ചേർന്ന് രൂപപ്പെട്ട സിട്രാങ് ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ 28 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Top