കലിയടങ്ങാതെ ഓഖി ; അതിശക്തമായ ചുഴലികാറ്റിന് സാധ്യതയെന്ന്,ഇന്ന് ഏഴ് മരണം

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നാശം വിതയ്ക്കുന്ന ഓഖി അതിശക്തമായ ചുഴലികൊടുങ്കാറ്റായി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ പ്രവചനം.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

മണിക്കൂറില്‍ 100,110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപിലെ വടക്കന്‍ ദ്വീപുകളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ട്.

പിന്നീട് വടക്കന്‍ മഹാരാഷ്ട്ര, ഗുജറാത്ത്‌സംസ്ഥാനങ്ങള്‍ക്ക് നേരെ തിരിയുന്ന ചുഴലിക്കാറ്റിന് സാവധാനം ശക്തി കുറയുമെന്നാണ് മുന്നറിയിപ്പ്.

അടുത്ത 24 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴക്കും സാധ്യതയുണ്ട്.

48 മണിക്കൂറിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കേരളത്തില്‍ നിന്ന് പോയ 10 ബോട്ടുകള്‍ ലക്ഷദ്വീപിലെ കല്‍പേനിയിലെത്തി.

135 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലുണ്ടായത്. എല്ലാവരും സുരക്ഷിതരാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

കടലില്‍ നിന്നും കാണാതായവര്‍ക്ക് വേണ്ടി നാവിക സേനയും വ്യോമസേനയും തിരച്ചില്‍ തുടരുകയാണ്.

സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 29 ദുരിതാശ്വാസ ക്യാമ്പുകള്‍ വിവിധയിടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്.

491 കുടുംബങ്ങളിലെ 2755 പേരെയാണ് ക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം 18, കൊല്ലം അഞ്ച്, ആലപ്പുഴ രണ്ട്, എറണാകുളം മൂന്ന്, തൃശൂര്‍ ഒന്ന് എന്നിങ്ങനെയാണ് ക്യാംപുകള്‍.

അതേസമയം, ചുഴലിക്കാറ്റു വിതച്ച ദുരന്തത്തില്‍ ഇന്നു ഏഴുപേര്‍ കൂടി മരിച്ചതോടെ കേരളത്തില്‍ മരണം 12 ആയി.

ശക്തമായ കാറ്റില്‍ കണ്ണൂര്‍ ആയിക്കര ഫിഷിങ് ഹാര്‍ബറില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു ആയിക്കരയിലെ പവിത്രന്‍ (50), കൊച്ചി ചെല്ലാനത്ത് വെള്ളക്കെട്ടില്‍ വീണ് റിക്‌സന്‍ (45) എന്നിവരാണ് മരിച്ചത്. കടലില്‍നിന്ന് നാവികസേന നാല് മൃതദേഹങ്ങള്‍ കണ്ടെത്തി.

ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

Top