വലിച്ചെറിഞ്ഞ മാലിന്യങ്ങൾ തിരികെ തീരത്ത് എത്തിച്ച് ഓഖി ചുഴലിക്കാറ്റ്

മുംബൈ: ഓഖി ചുഴലിക്കാറ്റ് കേരളത്തിന് പുറമെ ദക്ഷിണേന്ത്യന്‍ തീരങ്ങളിലുണ്ടാക്കിയ നാശനഷ്ടങ്ങൾ ഇനിയും കണക്കാക്കി തീർന്നിട്ടില്ല.

എന്നാൽ ഓഖിയുടെ ശക്തിമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്ക് പുറത്തുവന്നുകഴിഞ്ഞു. എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മുംബൈ ബീച്ചുകളില്‍ അടിഞ്ഞുകൂടിയത്.

കടലിലും,നദിയിലുമായി മനുഷ്യർ കൊണ്ടുപോയി തള്ളിയ മാലിന്യങ്ങളാണ് ഓഖി തിരികെ കൊണ്ടുവന്നത്.

മാലിന്യം ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട വലിയ തിരമാലകള്‍ മാലിന്യങ്ങളെ കരയിലെത്തിക്കുകയായിരുന്നു

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായാണ് ഇത്രയും മാലിന്യം കടൽ തീരത്തടിഞ്ഞത്.

ഇത്തരത്തിൽ എണ്‍പത് ടണ്‍ മാലിന്യമാണ് എത്തിയിരിക്കുന്നത് ബിർഹാൻ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖരമാലിന്യ സംസ്‌കരണ വിഭാഗം കണക്കാക്കുന്നു.

വെര്‍സോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യക്കൂമ്പാരങ്ങളുള്ളത്. ഇവിടങ്ങളില്‍ യഥാക്രമം 15,000 കിലോ, 10,000 കിലോ മാലിന്യങ്ങളാണുള്ളത്.

ദാദര്‍ ചൗപട്ടി, മറൈന്‍ഡ്രൈവ്, നരിമാന്‍ പോയിന്റ്, മര്‍വ എന്നിവടങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ട്. ബീച്ചുകളില്‍ ചിലയിടങ്ങളില്‍ രണ്ടടിയോളം ഉയരത്തില്‍ മാലിന്യം അട്ടിയായി കിടക്കുന്നുണ്ട്.

പ്ലാസ്റ്റിക് കൂടുകള്‍, തുണി, കയര്‍, ചെരിപ്പ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചുവെന്നും , നിലവിൽ 26 ലോഡുകള്‍ നീക്കംചെയ്തു കഴിഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാകുന്നു.

പക്ഷേ പൂർണമായും ഈ മാലിന്യങ്ങൾ നീക്കം ചെയ്യാൻ മൂന്ന്, നാല് ദിവസങ്ങള്‍ വേണ്ടിവരും. നിരവധി സന്നദ്ധ സംഘടനകളും മാലിന്യം നീക്കം ചെയ്യാന്‍ പ്രവർത്തിക്കുന്നുണ്ട്.

Top