നിസര്‍ഗ ചുഴലിക്കാറ്റ്; മുംബൈയില്‍ നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍മാറ്റം

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുംബൈയില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായ ട്രെയിനുകള്‍ക്ക് സമയക്രമത്തില്‍ മാറ്റം. കേരളത്തിലേക്കുള്ള നേത്രാവതി അടക്കമുള്ള ട്രെയിനുകള്‍ക്കാണ് സമയം മാറ്റമുള്ളത്. ഇന്നു രാവിലെയാണ് റെയില്‍വേ ഇതു സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

രാവിലെ 11.10 ന് പുറപ്പെടേണ്ട ലോക്മാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (06345) ട്രെയിന്‍ വൈകീട്ട് ആറ് മണിക്കാകും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് ലോകമാന്യ തിലകിലേക്കുള്ള ട്രെയിന്‍ (06346) റൂട്ട് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ ട്രെയിന്‍ പുണെ വഴിയാകും പോകുക.

അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശക്തിയാര്‍ജ്ജിച്ച് തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെയും ചില നേരങ്ങളില്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലുമായിരിക്കും നിസര്‍ഗ വീശിയടിക്കുക.

ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും ദാമനും ഇടയില്‍ നിസര്‍ഗ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍. ഇതേ തുടര്‍ന്ന്, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി. ഗോവയിലെ പാഞ്ചിമില്‍ നിന്ന് 290 കിലോമീറ്ററും, മഹാരാഷ്ട്ര മുംബൈയില്‍ നിന്ന് 310 കിലോമീറ്ററും, ഗുജറാത്തിലെ സൂറത്തില്‍ നിന്നും 530 കിലോമീറ്ററും അകലെയാണ് നിലവില്‍ നിസര്‍ഗയുടെ സ്ഥാനം.

Top