ആഞ്ഞ് വീശി ‘നിസര്‍ഗ’: വൈകീട്ട് ഏഴ് വരെ മുംബൈ വിമാനത്താവളം അടച്ചു, ആശങ്ക !

മുംബൈ: അറബിക്കടലില്‍ രൂപപ്പെട്ട അതീതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മുംബൈയില്‍ ആഞ്ഞുവീശുന്നു. മുംബൈയില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുകയാണ്. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ദുര്‍ബലപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. കാറ്റിന്റെ വേഗത 20 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കുന്നുണ്ട്.

ദക്ഷിണ മുംബൈയില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവെച്ചു.മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്ക് വരുന്നതുമായ ട്രെയിനുകള്‍ നേരത്തെ സമയം പുനഃക്രമീകരിച്ചിരുന്നു. നിസര്‍ഗ ഇപ്പോള്‍ മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണുള്ളത്.

രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസര്‍ഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തില്‍ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Top