മിഷോങ് ചുഴലിക്കാറ്റ്; ഫോക്‌സ്‌കോണിന്റെ ഐഫോണ്‍ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു

മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം തായ് വാനീസ് കമ്പനിയായ ഫോക്സ്‌കോണിന്റെ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ചൊവ്വാഴ്ചയിലെ ആദ്യ ഷിഫ്റ്റ് നിര്‍ത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രണ്ടാമത്തെ ഷിഫ്റ്റ് പ്രവര്‍ത്തിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈ നഗരത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കിയ മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച കരതൊട്ടു.

ഇന്ത്യയില്‍ ഉല്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ആപ്പിള്‍. ഫോക്സ്‌കോണ്‍, പെഗട്രോണ്‍സ, ടാറ്റ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണ കരാര്‍ കമ്പനികളാണ്. ഇതില്‍ ഏറ്റവും വലിയ നിര്‍മാണ പങ്കാളിയായ ഫോക്സ്‌കോണിന്റെ ചെന്നൈയിലെ നിര്‍മാണ ശാലയില്‍ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ വരെ ഉത്പാദിപ്പിക്കുന്നുണ്ട്.

പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ആപ്പിള്‍ ഐഫോണിന്റെ കരാര്‍നിര്‍മാണ കമ്പനികളായ ഫോക്സ്‌കോണിന്റെയും പെഗട്രോണിന്റേയും ചെന്നൈയിലെ നിര്‍മാണ ശാലയിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളം ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.വൈദ്യുതി ഇല്ലാത്തതും, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, മൊബൈല്‍ കണക്ടിവിറ്റി പ്രശ്നങ്ങളും ഉണ്ടായി. സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍ എന്നിവ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

Top