സംസ്ഥാനത്ത് മഴ കനക്കുന്നു ; ‘മഹാ’ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുമ്പ് ശക്തിപ്രാപിക്കും,ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ‘മഹാ’ എന്ന് പേരുള്ള ചുഴലിക്കാറ്റ് ആയി മാറിയിരുന്നു. ഇത് ഉച്ചയ്ക്കു മുമ്പ് ശക്തിപ്രാപിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍വരെയാവും.

ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇത് അടുത്ത 12 മണിക്കൂറില്‍ വടക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യകിഴക്കന്‍ അറബിക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യതയേറെയാണ്. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണമായും നിരോധിച്ചു.

ഉറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കണണെന്ന നിര്‍ദേശമുണ്ട്. മലയോര മേഖലയിലേക്കുമുള്ള യാത്ര ഒഴിവാക്കണം. ശക്തമായ കാറ്റുള്ളതിനാല്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കുകയോ വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ ചെയ്യരുത്. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. എറണാകുളത്ത് എടവനക്കാട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Top