അറബിക്കടലില്‍ ചക്രവാതചുഴി; കേരളത്തില്‍ മഴ കനത്തേക്കും, ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്

കൊച്ചി: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 8,9 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയുക്കുന്നു. വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അറബിക്കടലില്‍ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതിന് പിന്നാലെയാണ് മഴ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ ജാഗ്രതയെങ്കില്‍ നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ ജാഗ്രത.

കേരള തീരത്ത് ഇന്ന് രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Top