ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് 4 ജില്ലകളില്‍ യെല്ലോ അലെര്‍ട്, തെക്കന്‍ കേരളത്തില്‍ ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ കേരളത്തിലെ കാലാവസ്ഥ അറിയിപ്പും പുതുക്കി. പുതിയ അറിയിപ്പ് പ്രകാരം 4 ജില്ലകളില്‍ യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലാണ് കൂടുതലായും ജാഗ്രതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകീട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയില്‍ കരതൊടുമെന്ന കാലാവസ്ഥാ പ്രവചനം. പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം. ആ മാസം ആറുവരെ 118 ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയതില്‍ ഭൂരിഭാഗവും.

ചെന്നൈയിലും തമിഴ്നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍,ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ അംഗങ്ങള്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Top