ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി; കേരളത്തിൽ അടുത്ത 5 ദിവസം മഴ സാധ്യത, ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: മധ്യ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിലെ മഴ സാഹചര്യം വീണ്ടും മാറിയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തിലെ മഴ സാഹചര്യം ശക്തമാകും എന്നാണ് പ്രവചനം. കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 4-5 ദിവസം ഒറ്റപെട്ട ഇടത്തരം മഴക്ക് സാധ്യതയെന്നാണ് കേന്ദ്രം കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഇന്ന് അഞ്ച് ജില്ലകളിൽ ജാഗ്രത നി‍ർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ( Yellow ) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 29 – 11 – 2022 : കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മല്‍സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2022 നവംബർ 29 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top