കാസര്‍കോട് വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം; വൈദ്യുതി ബന്ധം നിലച്ചു

കാസര്‍കോട്: കാസര്‍കോട്ട് വീശിയടിച്ച ചുഴലിക്കാറ്റിലും പേമാരിയിലും വന്‍ നാശനഷ്ടം. വ്യാഴാഴ്ച പകല്‍ മൂന്ന് കഴിഞ്ഞാണ് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. കനത്ത ഇടിമിന്നലും മഴയ്ക്കൊപ്പമുണ്ടായിരുന്നു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തെ വന്‍കിട വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നുപോയി തൊട്ടടുത്ത കെട്ടിടത്തില്‍ പതിച്ചു. കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഐവ സില്‍ക്സിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മരംവീണു. മൈലാട്ടിയില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ലൈനില്‍ മരം വീണതിനാല്‍ വൈദ്യുതിയും നിലച്ചു. ദേശീയപാതയോരത്ത് നുള്ളിപ്പാടിയില്‍ വാണിജ്യാവശ്യത്തിന് തയ്യാറാക്കിയ വലിയ പന്തല്‍ നിലംപൊത്തി.

യെല്ലോ അലര്‍ട്ടായിരുന്നു ജില്ലയില്‍ എന്നതിനാല്‍ കാര്യമായ ഭീഷണിയുണ്ടായിരുന്നില്ല. പകല്‍ മൂന്നിനു ശേഷം പെട്ടെന്നു വീശിയ ചുഴലിക്കാറ്റും ഇടിയും മിന്നലും ഏതാനും സമയം കനത്ത ഭീതിവിതച്ചു. റോഡുകളില്‍നിന്ന് വാഹനങ്ങളെല്ലാം ഒഴിവായത് വളരെ പെട്ടെന്നായിരുന്നു. ചുഴലിക്കാറ്റു കടന്നുപോയ ഭാഗത്തുണ്ടായിരുന്ന മരങ്ങള്‍ പലതും നിലംപതിച്ചു. ബിഗ്ബസാറിനു മുകളില്‍ ഇരുമ്ബുകമ്ബിയിട്ടുറപ്പിച്ച മേല്‍ക്കൂര പറന്ന് തൊട്ടടുത്ത കെട്ടിടത്തിനുമുകളിലും താഴെയുമായി പതിച്ചു.

Top