ബുള്‍ബുള്‍ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളിന് സഹായ വാഗ്ദാനവുമായി മോദിയും അമിത് ഷായും

ന്യൂഡല്‍ഹി: ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടമുണ്ടായ പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക്
എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ച ഇരുവരും രക്ഷാ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ നിരന്തരം വിലയിരുത്തി വരികയാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സംസാരിക്കുകയും സഹായ വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും നന്മയ്ക്കുമായി പ്രാര്‍ഥിക്കുകയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കേന്ദ്ര – സംസ്ഥാന ദുരന്ത നിവാരണ ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. മമത ബാനര്‍ജിയുമായി സംസാരിച്ചുവെന്നും പ്രതികൂല കാലാവസ്ഥമൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനും അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും മുന്‍നിരയിലുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Top